കളിയല്ല ശബരിമല... കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനും പോലീസിനും ഏറെ പേരുദോഷമുണ്ടാക്കിയ രഹന ഫാത്തിമ ഇത്തവണയും ശബരിമലയില്‍ കയറാന്‍ പോലീസിനെ സമീപിച്ചു; പഴയതുപോലെ അനുകൂല നിലപാട് സ്വീകരിക്കാതെ കാലുമാറി പോലീസ്; ശബരിമലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല

സമാധാനമായി നടക്കുന്ന ശബരിമല ദര്‍ശനത്തിനെ കുളം തോണ്ടാന്‍ പഴയ ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹന ഫാത്തിമയാണ് കൊച്ചി ഐജി ഓഫീസിനെ സമീപിച്ചത്. ഇത് വീണ്ടും വളരെയേറെ ചര്‍ച്ചയായി. എന്നാല്‍ രഹനയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. കോടതിയില്‍ നിന്ന് കൃത്യമായ ഉത്തരവ് ഉണ്ടാകുന്നതുവരെ ശബരിമല സന്ദര്‍ശത്തിന് എത്തുന്ന നിശ്ചിത പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തിലാണ് ശബരിമല സന്ദര്‍ശിക്കുന്നതിന് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്.
കഴിഞ്ഞ മണ്ഡല കാലത്ത് പോലീസ് സംരക്ഷണത്തില്‍ രഹന ഫാത്തിമ ശബരിമല പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഭക്തരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോരാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. പത്തുമുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകുന്നതിന് ആചാരപരമായ വിലക്ക് ഉണ്ട്. ഈ സാഹചര്യത്തിലാണ്, രഹന ശബരിമലയില്‍ പോകുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുകയും പൊലീസ് കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തത്.
ശബരിമലയില്‍ പ്രവേശിക്കുന്നതിന് നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്കുള്ള ആചാരപരമായ വിലക്ക് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി നീക്കിയിരുന്നു. എന്നാല്‍, ഈ വിധിക്കെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുമ്പിലെത്തിയത്. തുടര്‍ന്ന്, വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിടുകയായിരുന്നു.
പോയ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് ശ്രമിച്ച് വന്‍ വിവാദങ്ങള്‍ വിളിച്ചുവരുത്തിയ രഹന ഫാത്തിമ വീണ്ടും ശബരി കയറണമെന്ന ആവശ്യവുമായി ഐ ജി ഓഫീസിലെത്തിയത് വലിയ വിവാദമായിരുന്നു. ഇക്കുറി ശബരിമലയ്ക്ക് പോകാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് രഹന പറഞ്ഞത്. പോലീസ് തീരുമാനം അറിഞ്ഞതിന് ശേഷം ശബരിമല ദര്‍ശനത്തിനുള്ള തീയതി തീരുമാനിക്കുമെന്നും ജന്മദിനമായ 26ന് മാലയിടാനാണ് തീരുമാനനെന്നും രഹന വ്യക്തമാക്കുന്നു.
ശബരിമല ദര്‍ശനത്തിനായി കുടുംബത്തോടൊപ്പമാകും പോവുക. നിലവിലെ നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നതെന്നും അതിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും രഹന പറഞ്ഞു. ശബരിമലയില്‍ പോകുന്നതില്‍ പേടിയില്ല. കഴിഞ്ഞ തവണ ശബരിമലയില്‍ എത്തിയത് ആളുകളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞതവണ പോയതും നേരായ വഴിയിലൂടെ തന്നെയാണെന്ന് തനിക്ക് തെളിയിക്കേണ്ടതുണ്ടെന്നും രഹന ഫാത്തിമ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ കുടുംബസമേതം മലകയറുമെന്ന് അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച രഹ്നാ ഫാത്തിമയെ രൂക്ഷമായി വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറും രംഗത്തെത്തിയിരുന്നു.
അയ്യപ്പനോട് ഭക്തി തോന്നാന്‍ രഹ്നാ ഫാത്തിമ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ. ശബരിമല വിഷയത്തില്‍ സ്‌റ്റേ നല്‍കുന്നോ ഇല്ലയോ എന്ന കാര്യം നില്‍ക്കട്ടെ. വിധി ശബരിമലയിലെ വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന സംശയമെങ്കിലുമുണ്ട്, ശശികല ടീച്ചര്‍ പറഞ്ഞു.
മുസ്ലീം പള്ളിയില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കുന്ന നിയമങ്ങളൊന്നുമില്ല. സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന വിശ്വാസം മാത്രമേയുള്ളു. രഹ്നാ ഫാത്തിമ വിശ്വാസിയല്ല, ആക്ടിവിസ്റ്റായതു കൊണ്ട് തന്നെ ശബരിമലയില്‍ കയറാന്‍ വേഷം കെട്ടുന്നതിന് മുമ്പ് നിയമമില്ലാത്ത മുസ്ലീം പള്ളിയല്‍ കയറാന്‍ നോക്കെന്ന് ടീച്ചര്‍ വിമര്‍ശിച്ചു. എന്തായാലും വിഷയം ചൂടുപിടിക്കുകയാണ്. പോലീസും കയ്യൊഴിഞ്ഞതോടെ രഹ്നയുടെ അടുത്ത നീക്കം എന്തെന്നറിയാന്‍ കാതോര്‍ക്കാം.
https://www.facebook.com/Malayalivartha

























