മായം മറിമായം... ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ പോലീസ് സംരക്ഷണത്തോടെ ബിന്ദുവും കനകദുര്‍ഗയും കയറിയത് പഴങ്കഥ; ഇനിയും അനുകൂലിക്കില്ലെന്ന് വ്യക്തമായ സൂചന നല്‍കി മുഖ്യമന്ത്രി; ശബരിമല സന്ദര്‍ശിക്കാനായി യുവതികള്‍ എത്തുന്നത് മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചാണ്; അയ്യപ്പനെ കാണുകയാണോ അവരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും പോലീസിന്റേയും ഈ വര്‍ഷത്തെ നിലപാട് കണ്ട് ഭക്തര്‍ക്ക് ആശ്വസിക്കാന്‍ ഏറെയുണ്ട്. എന്നും ശബരിമല യുവതീ പ്രവേശനത്തെ പറ്റി ചോദിച്ചാലും കോടതി വിധി നടപ്പിലാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് മാറ്റുന്ന സൂചനകളാണ് നല്‍കുന്നത്.
ശബരിമലയിലെ യുവതി പ്രവേശനത്തിന് സുരക്ഷ ഒരുക്കണമെന്ന ബിന്ദു അമ്മിണിയുടേയും തൃപ്തി ദേശായിയുടേയും ആവശ്യം സുപ്രീംകോടതി തീരുമാനിക്കട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. യുവതി പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ബിന്ദുവിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പ്രസ്താവന വന്ന ശേഷം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അറിയിച്ചു.
തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും യാത്രയ്ക്കു സുരക്ഷ ഒരുക്കാനാവില്ലെന്നു പോലീസ് അറിയിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അതിന് മാറ്റമില്ലെന്നും പിണറായി പറഞ്ഞു.
ശബരിമല സന്ദര്‍ശിക്കാനായി യുവതികള്‍ എത്തുന്നത് മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചാണ്. അയ്യപ്പനെ കാണുകയാണോ അവരുടെ ലക്ഷ്യമെന്ന് ചോദിച്ച മുഖ്യമന്ത്രി ഇവര്‍ സുപ്രീംകോടതിയ സമീപിച്ചിരിക്കുകയാണല്ലോ വിധി വന്നശേഷം തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഉടലെടുത്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി വിഷയം ഏഴംഗ വിശാല ബെഞ്ചിനു വിട്ടതോടെ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.
അതേസമയം ശബരിമല യുവതി പ്രവേശനം അടഞ്ഞ അധ്യായമാണെന്നും ഇപ്പോള്‍ നടക്കുന്നത് വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ശ്രമങ്ങളാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി. ആചാരങ്ങളല്ല അനാചാരങ്ങളാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ യുവതികള്‍ സംഘടിതമായി വരാന്‍ ശ്രമിക്കുന്നത് ശരിയല്ല. അവിടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. കുഴപ്പമുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നവരുടെ നീക്കങ്ങളാണ് തടയുന്നത്. സ്ത്രീകളുടെ പേരില്‍ ഇപ്പോള്‍ എത്തുന്നത് യഥാര്‍ഥ ഭക്തരല്ല. തുല്യനീതിയില്‍ അധിഷ്ഠിതമായ സ്ത്രീപുരുഷ സമത്വമെന്ന വാദമാണ് കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍ ഉയര്‍ത്തുന്നത്. അതിനര്‍ഥം ശബരിമല സ്ത്രീ പ്രവേശനമല്ല. ഇത് നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിനു തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി സുപ്രീംകോടതി അടുത്ത ആഴ്ചയാണ് പരിഗണിക്കുന്നത്. ശബരിമലയിലെത്തുന്ന എല്ലാവര്‍ക്കും സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി പുനപരിശോധിക്കാന്‍ തുരുമാനിച്ചെങ്കിലും വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു. എന്തായാലും ഈ കോടതി വിധി സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും ഭക്തര്‍ക്കും നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha























