ആശങ്ക ഇരട്ടിക്കുന്നു... ശബരിമലയില്‍ കഴിഞ്ഞ വര്‍ഷം കയറുകയും ഈ വര്‍ഷം കയറാനിരിക്കുകയും ചെയ്യുന്ന ബിന്ദു അമ്മിണിയും യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന ഡി.വൈ.എഫ്.ഐ. നേതാവും ഡല്‍ഹിയില്‍ ഒന്നിച്ച് പ്രതിഷേധിച്ചതിനെതിരെ പരക്കെ ആക്ഷേപം; മണ്ഡലകാലം കഴിഞ്ഞ് ശബരിമല നട അടയ്ക്കുമ്പോള്‍ ഇരുവരും ഡല്‍ഹിയില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതും ഒന്നിച്ച് അറസ്റ്റിലായതും തികച്ചും അപ്രതീക്ഷിതം

സമാധാനപരമായ ഒരു മണ്ഡലകാലം കൂടി അവസാനിച്ചിരിക്കുകയാണ്. ശബരിമല നട ഇന്നലെ അടയ്ക്കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായ വാര്‍ത്തയാണ് ഡല്‍ഹിയില്‍ നിന്നും വന്നത്. ശബരിമലയില്‍ കഴിഞ്ഞ വര്‍ഷം കയറുകയും ഈ വര്‍ഷം കയറാനിരിക്കുകയും ചെയ്യുന്ന ബിന്ദു അമ്മിണി ഡല്‍ഹിയില്‍ അറസ്റ്റിലായെന്ന്. വിഷയം ശബരിമല അല്ലെങ്കിലും ബിന്ദു അമ്മിണി അറസ്റ്റിലായ വിവരം കേരളത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഇതിന് പിന്നാലെയാണ് മലയാളികളെ ഞെട്ടിപ്പിച്ചുകൊണ്ട് മറ്റൊരു വാര്‍ത്ത കൂടി വരുന്നത്. ആ പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ഉണ്ടെന്ന്.
ഇതോടെയാണ് പലതരത്തിലുള്ള ചര്‍ച്ചകള്‍ പോയത്. ബിജെപി നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം യുവതീ പ്രവേശനത്തെ അനുകൂലിച്ച് ചാനല്‍ ചര്‍ച്ചകളില്‍ കത്തിക്കയറിയ ആളാണ് മുഹമ്മദ് റിയാസ്. അതേസമയം ബിന്ദു അമ്മിണി ശബരിമലയില്‍ രാത്രിയുടെ മറവില്‍ കയറിയ ആളുമാണ്. അന്ന് തന്നെ ബിന്ദു അമ്മിണിയെ ശബരിമലയില്‍ കയറ്റാന്‍ ചില പാര്‍ട്ടിക്കാര്‍ ഒത്താശ ചെയ്‌തെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തോടെ പാര്‍ട്ടി നിലപാട് മാറ്റുകയും യുവതികളെ കയറ്റേണ്ടെന്ന തീരുമാനം എടുക്കുകയും ചെയ്തു. അതവര്‍ പാലിക്കുകയും ചെയ്തു.
ഇതിനിടയ്ക്ക് ബിന്ദു അമ്മിണി ശബരിമലയില്‍ കയറാന്‍ ആവത് ശ്രമിച്ചതുമാണ്. പാര്‍ട്ടിക്കാരും സര്‍ക്കാരും തന്നെ അത് പ്രോത്സാഹിപ്പിച്ചില്ല. കൊച്ചിയില്‍ തൃപ്തി ദേശായി എത്തിയപ്പോള്‍ കൂടെ ശബരിമലയില്‍ പോകാന്‍ ബിന്ദു അമ്മിണിയും ശ്രമിച്ചു. എന്നാല്‍ ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ മുളകുപൊടി സ്‌പ്രേ അടിച്ചതോടെ ആശുപത്രിയിലായി. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചിട്ടും കോടതി കയറാനുള്ള ഉത്തരവ് നല്‍കിയില്ല. അതോടെ മണ്ഡലകാലം കഴിഞ്ഞ് സമാധാനപരമായി ശബരിമല നടയടച്ചു. ഇങ്ങനെയുള്ള സമയത്താണ് കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ വേണ്ടി ബിന്ദു അമ്മിണിയോടൊപ്പം മുഹമ്മദ് റിയാസ് ഒത്തു ചേര്‍ന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപി ഭവനു മുന്നിലാണ് ബിന്ദു അമ്മിണിയും റിയാസും പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയത് സംഘര്‍ഷത്തിനും ഇടയാക്കി. ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടത്തിയത്.
വിദ്യാര്‍ഥികളടക്കം നൂറോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിലാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, കേരളത്തില്‍ നിന്നെത്തിയ ബിന്ദു അമ്മിണിയും ഉള്‍പ്പെട്ടത്.
കൂട്ടത്തോടെ പ്രതിഷേധവുമായെത്തിയ പെണ്‍കുട്ടികളെ ഉള്‍പ്പെടെയുള്ളവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. കസ്റ്റഡിയിലുള്ള ജാമിയ മില്ലിയെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്‌റ്റേഷനുമുന്നിലും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.
അതേസമയം ഡല്‍ഹിയില്‍ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയില്‍ 21 ജില്ലകളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഓള്‍ഡ് ഡല്‍ഹിയിലെ ജുമാ മസ്ജിദിനു പുറത്തും ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഭീം ആര്‍മി പാര്‍ട്ടിയുടെ നേതൃതത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് പൊലീസ് തടയുകയും ചെയ്തു.
ശബരിമലയില്‍ സമാധാനം പുലരുന്ന വേളയില്‍ പാര്‍ട്ടിയുടെ യുവ നേതാവ് തന്നെ ശബരിമലയില്‍ കയറാനിരിക്കുന്ന ആളോടൊപ്പം ഒരുമിച്ച് പ്രതിഷേധിച്ചത് ബിജെപിക്കാര്‍ വലിയ ചര്‍ച്ചയാക്കുകയാണ്. ഇതില്‍ പാര്‍ട്ടി അണികളായ വിശ്വാസികള്‍ക്കും എതിര്‍പ്പുണ്ട്. വരും ദിവസങ്ങളില്‍ ഇതിന് റിയാസ് ഒരു പക്ഷെ പാര്‍ട്ടിയില്‍ നിന്നു പോലുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും.
"
https://www.facebook.com/Malayalivartha























