പൗരത്വ നിയമത്തിനെതിരായ റാലിയില്‍ പങ്കെടുത്ത നോര്‍വേ സ്വദേശിനി ഇന്ത്യയില്‍ നിന്ന് മടങ്ങി

പൗരത്വ നിയമത്തിനെതിരായ റാലിയില്‍ പങ്കെടുത്ത നോര്‍വേ സ്വദേശിനി ജാനറ്റ് മെഥേ ജൊഹാന്‍സന്‍ (74) അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നു മടങ്ങി. ഇന്നലെ രാത്രി 7.30നാണു കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ ഷാര്‍ജ, അബുദാബി വഴി സ്വീഡനിലേക്കു പോയത്. സന്ദര്‍ശക വീസയില്‍ കൊച്ചിയിലെത്തിയ ഇവര്‍ പൗരത്വ നിയമത്തിനെതിരെ 23നു നടന്ന ലോങ് മാര്‍ച്ചില്‍ പ്ലക്കാര്‍ഡുമായി പങ്കെടുത്തിരുന്നു. ഇതിന്റെ അനുഭവങ്ങള്‍ ഇവര്‍ തന്നെ ഫെയ്‌സ്ബുക്കിലുമിട്ടിരുന്നു.
സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുത്തതു വിദേശ പൗരന്‍മാരുടെ വീസ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇവരോടു ഫോറിനേഴ്‌സ് റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസറെ (എഫ്ആര്‍ആര്‍ഒ) കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു. എഫ്ആര്‍ആര്‍ഒ ഓഫിസിലെ വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണു രാജ്യം വിടാന്‍ നിര്‍ദേശിച്ചത്. അല്ലെങ്കില്‍ കേസെടുക്കുമെന്നും അറിയിച്ചു. ആറു മാസത്തെ ടൂറിസ്റ്റ് വിസയിലാണ് ജാനറ്റ് ഇന്ത്യയിലെത്തിയത്. ഡിസംബര്‍ 17 മുതല്‍ കൊച്ചിയിലുള്ള ഇവര്‍ ഒറ്റയ്ക്കാണ് രാജ്യത്തെത്തിയത്.
L
https://www.facebook.com/Malayalivartha























