പൂജപ്പുര സെൻട്രൽ ജയിൽ സെൽ മുറിക്കത്ത് നിന്ന് ടി.പി. കേസ് ശിക്ഷാ പ്രതികളുടെ ഫോൺ വിളിയും മെയിൽ അയ്ക്കലും; അണ്ണൻ സജിത്തടക്കം 3 പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി : ജയിൽ സൂപ്രണ്ട് പരിശോധനക്കെത്തിയപ്പോൾ 2 മൊബെൽ ഫോണുകൾ ബക്കറ്റിനകത്ത് ചോറിൽ പൂഴ്ത്തിവച്ച നിലയിൽ: മറ്റൊരു ഫോണിൽ നിന്നും മെയിൽ അയക്കുന്നതും ഒരു ഫോണിൽ നിന്നും വിളിക്കുന്നതും കണ്ട് 3 പ്രതികളെയും തൊണ്ടി സഹിതം പിടികൂടുകയായിരുന്നു

ആർ.എം.പി.നേതാവ് ടി.പി ചന്ദ്രശേഖരൻ കൊലക്കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുകയാണ് പ്രതികൾ .പൂജപ്പുര സെൻട്രൽ ജയിലി ൽ തടവുകാരുടെ സെൽ മുറിയിൽ നിന്നും അണ്ണൻ സജിത്തടക്കം 3 പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ഈമെയിൽ അയക്കുകയും ചെയ്ത കേസിൽ അണ്ണൻ സജിത്തടക്കം 3 പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തിയത്. രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന കുറ്റകൃത്യം ആരോപിക്കുന്ന വാറണ്ട് വിചാരണ കേസായതിനാൽ പോലീസ് കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കി കുറ്റം ചുമത്തിയത്. പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന വായ്മൊഴി തെളിവുകളും പ്രാമാണിക തെളിവുകളും കോടതി മുമ്പാകെ ഉള്ള തായി കുറ്റം ചുമത്തൽ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രധാന പ്രതിയും ജീവപര്യന്ത തടവുകാരനുമായ കണ്ണൂർ പാനൂർ അരയക്കൂർ ചമ്പൽ പാലറത്ത് ഹൗസിൽ സജിത്ത് എന്ന അണ്ണൻ സജിത്ത്, മറ്റു കേസുകളിലെ ജീവപര്യന്ത തടവു ശിക്ഷാ പ്രതികളായ കോട്ടയം ചിങ്ങവനം സചി ബോധമംഗലം കലയിൽ വീട്ടിൽ ബിബീഷ് ബാബു എന്നും ബാസിത് ഭായിയെന്നും വിളിപ്പേരുള്ള ഭാസി , ആലപ്പുഴ മാവേലിക്കര കുര്യാത്തിക്കാട് വെട്ടിയൂർ മൂരികറ്റകത്ത് വീട്ടിൽ പ്രദീപ് എന്നിവരാണ് കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ.
2017 ജൂൺ 11 ന് വൈകിട്ട് 6 മണിക്ക് തടവുകാരുടെ സെൽ മുറിക്കകത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ജയിൽ നിയമലംഘനം കണ്ടെത്തിയത്. പ്രതികൾ ഫോണിൽ ഈമെയിൽ അയക്കുന്നതും ഫോൺ ഉപയോഗിച്ച് സംസാരിക്കുന്നതും കാണുകയായിരുന്നു. തുടർന്ന് ജയിലധികൃതർ സെൽ മുറി തുറന്ന് പരിശോധിച്ചപ്പോൾ തടവുകാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന പെട്ടികളിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഹെഡ് ഫോൺ , മൊബൈൽ ബാറ്ററി , 2 ചാർജറുകൾ എന്നിവ കണ്ടെത്തി. പ്ലാസ്റ്റിക് ബക്കറ്റിനകത്ത് ചോറിൽ പൂഴ്ത്തി വച്ച നിലയിൽ 2 സ്മാർട്ട് ഫോണുകളും കണ്ടെത്തി.
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തി 3 പ്രതികൾക്കുമെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2018 ജൂലൈ 3 നാണ് കുറ്റപത്രം സമർപ്പിച്ചത്. 2010 ൽ നിലവിൽ വന്ന കേരള പ്രിസണേഴ്സ് ആന്റ് കറക്ഷണൽ സർവ്വീസസ് ( മാനേജ്മെൻറ് ) നിയമത്തിലെ വകുപ്പ് 82 (2) പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 34 പ്രകാരവും ഉള്ള ശിക്ഷാർഹമായ കുറ്റങ്ങളാണ് കുറ്റപത്രത്തിൽ പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.
കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സി പി എം പാർട്ടിയിൽ നിന്ന് അണികൾ കൊഴിഞ്ഞ് ടി.പി.ചന്ദ്രശേഖരൻ നയിച്ച റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ( ആർ.എം.പി ) യിൽ ചേർന്നതാണ് ടി.പി.യെ വടകര ഒഞ്ചിയത്ത് വച്ച് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് 51 വെട്ട് വെട്ടി മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയത്. 2012 മെയ് 4 ന് ടി.പി. ബൈക്കിൽ സഞ്ചരിക്കവേയാണ് കൊലപ്പെടുത്തിയത്.
2014 ജനുവരി 22 ന് കോഴിക്കോട് മാറാട് കേസുകൾ വിചാരണ ചെയ്യുന്ന അഡീ.സെഷൻസ് ജഡ്ജി ആർ.നാരായണ പിഷാരടിയാണ് സി പി എം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 12 പ്രതികളെ ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ചത്. അണ്ണൻ സജിത്ത് , സി പി എം കടങ്ങൻ പൊയിൽ ബ്രാഞ്ച് സെക്രട്ടറി പി. കെ. കുഞ്ഞനന്ദൻ , പാനൂർ ഏര്യാ കമ്മറ്റി അംഗം പി.വി. റഫീഖ് , കുന്നുങ്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രൻ , എം.സി. അനൂപ് , കിർമാണി മനോജ് എന്ന മനോജ് കുമാർ , കൊടി സുനി എന്ന എൻ.കെ.സുനിൽകുമാർ , ടി.കെ. രജീഷ് , കെ.കെ. മുഹമ്മദ് ഷാഫി , കെ. ഷിനോജ് , ട്രൗസർ മനോജൻ എന്ന മനോജൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
കുഞ്ഞനന്തന് 2 വർഷത്തിനിടയിൽ 217 തവണ പരോൾ നൽകിയതിരെ ഹൈക്കോടതി 2019 ആഗസ്റ്റ് 7 ന് വിമർശനം ഉന്നയിച്ചിരുന്നു. അസുഖമുണ്ടെങ്കിൽ പരോൾ നൽകുകയല്ല , ചികിത്സ നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പരാമർശിച്ചു.
https://www.facebook.com/Malayalivartha























