ഗിന്നസിന്റെ താളുകളിലേക്ക് പറന്നിറങ്ങിയ പുല്ലാങ്കുഴല്‍ വാദനം!

108 മണിക്കൂര്‍ തുടര്‍ച്ചയായ പുല്ലാങ്കുഴല്‍ വാദനത്തിലൂടെ തൃശൂര്‍ തളിക്കുളം സ്വദേശി മുരളി നാരായണന്‍ പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി 7.30ന് ആരംഭിച്ച പുല്ലാങ്കുഴല്‍ വായന ഇന്നു രാവിലെ 7.30- കടന്നപ്പോള്‍, വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി ആയിരത്തിലധികം ഗാനങ്ങള്‍ ആ പുല്ലാങ്കുഴലുകളില്‍ നിന്ന് പെയ്തിറങ്ങിയിരുന്നു.
പുല്ലാങ്കുഴല്‍ വാദനത്തിന്റെ പുതിയ ഗിന്നസ് റെക്കോര്‍ഡ് പിറക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുരനടയിലെ വേദിയില്‍ വന്‍തിരക്കാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. മന്ത്രി സി.രവീന്ദ്രനാഥ് അടക്കമുള്ളവര്‍ മുരളിയുടെ ഗിന്നസ് പ്രകടനം കാണാന്‍ രാവിലെ എത്തിയിരുന്നു. വേദിയില്‍ മന്ത്രിയേയും, അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളേയും സാക്ഷിനിര്‍ത്തി മുരളിനാരായണന്‍ 108 മണിക്കൂര്‍ പുല്ലാങ്കുഴല്‍ വാദനം പൂര്‍ത്തിയാക്കിയപ്പോള്‍ കരഘോഷം മുഴങ്ങി.
പരിപാടിയുടെ എഡിറ്റ് ചെയ്യാത്ത മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ക്ക് അയച്ചു കൊടുക്കും. മുരളി നേരത്തെ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇത്തവണ മുരളിയുടെ പ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ ഗിന്നസ് അധികൃതര്‍ വരേണ്ട ആവശ്യമുണ്ടായിരുന്നില്ല.
രാവിലെ തേക്കിന്‍കാട്ടില്‍ മോണിംഗ് വാക്കിനെത്തിയവരും ഇന്നുരാവിലെ വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിനെത്തിയവരും സംഗീതാസ്വാദകരും മുരളിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ വന്‍ ജനക്കൂട്ടം തന്നെയായി. മുരളിയുടെ ക്ലൈമാക്‌സ് പ്രകടനത്തെ ആവോളം പ്രോത്സാഹിപ്പിക്കാനെത്തിയ ആള്‍ക്കൂട്ടം കണ്ട് സംഘാടകര്‍ പോലും അമ്പരന്നു.
27 മണിക്കൂര്‍ 32 മിനിറ്റ് നേരം തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വാദനം നടത്തിയ യുകെ സ്വദേശിനി കാതറിന്‍ ബ്രൂക്കിന്റെ റെക്കോര്‍ഡ് മുരളി ബുധനാഴ്ച തന്നെ ഭേദിച്ച് പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിരുന്നു. മാനവസൗഹാര്‍ദ്ദത്തിനും ലോകസമാധാനത്തിനും വേണ്ടി എന്ന ഓര്‍മപ്പെടുത്തലോടെയാണ് മുരളീനാരായണന്‍ 108 മണിക്കൂര്‍ പുല്ലാങ്കുഴല്‍ വാദനം നടത്തിയത്.
സിനിമാഗാനങ്ങളും കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പാശ്ചാത്യസംഗീതവും നാടോടി ഗാനവുമെല്ലാം ഉള്‍പ്പെടുത്തി പന്ത്രണ്ടോളം ഗാനങ്ങളാണ് ഒരു മണിക്കൂറില്‍ പുല്ലാങ്കുഴലില്‍ വായിച്ചത്. ഓരോ ഗണത്തില്‍ പെട്ട പാട്ടുകളും വായിക്കുന്നത് വ്യത്യസ്തങ്ങളായ പുല്ലാങ്കുഴലുകള്‍ ഉപയോഗിച്ചായിരുന്നു. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ചു മിനിറ്റ് ഇടവേളയെടുക്കാമെന്നതാണ് ഗിന്നസ് ചട്ടം. മൂന്നുമണിക്കൂറും രണ്ടു മണിക്കൂറും തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായിച്ച് ഒരുമിച്ച് പത്തും പതിനഞ്ചും മിനിറ്റ് ഇടവേളയെടുത്താണ് മുരളിനാരായണന്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക് നീങ്ങിയത്. അവസാന ദിവസങ്ങത്തില്‍ ഒരു മണിക്കൂര്‍ വാദനവും അഞ്ചു മിനുറ്റ് ഇടവേളയുമായി സമയം ക്രമീകരിച്ചു.
ഇടവേളകളില്‍ പ്രധാനമായും കഞ്ഞി മാത്രമാണ് മുരളിനാരായണന്‍ കഴിച്ചത്. നേരിയ ക്ഷീണം തോന്നിയപ്പോള്‍ ഒ.ആര്‍.എസ് ലായനിയും നല്‍കി. ആരോഗ്യനില പരിശോധിക്കുന്നതിന് ഡോക്ടര്‍മാരും തെക്കേഗോപുരനടയിലെ വേദിക്കരികില്‍ മുഴുവന്‍ സമയവും ക്യാമ്പ് ചെയ്തിരുന്നു. ക്ഷീണം തോന്നാതിരിക്കാന്‍ കരിക്കിന്‍വെള്ളവും തേന്‍വെള്ളവും ഇടയ്ക്ക് നല്‍കി. ഔഷധിയില്‍ നിന്നുള്ള ആയുര്‍വേദ ഡോക്ടര്‍മാരാണ് മുരളിയുടെ ആരോഗ്യനില പരിശോധിക്കാനുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























