സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട് 30-നകം കൈമാറും, കാവാലം തട്ടാശേരി പാലം നിര്‍മാണത്തിന്റെ പ്രാരംഭ നടപടി കളുടെ രണ്ടാം ഘട്ടം ഉടന്‍

കാവാലം ഗവ. എല്‍പി സ്‌കൂളില്‍ വച്ച്, കാവാലം തട്ടാശേരി പാലം നിര്‍മാണത്തിന് മുന്നോടിയായുള്ള സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ ഭാഗമായി ഭൂ ഉടമകളുടെ ഹിയറിംഗ് നടന്നു. പാലത്തിനായി ഭൂമി വിട്ടു നല്‍കുന്നവരുടെ അഭിപ്രായങ്ങള്‍ രേഖാമൂലം എഴുതിവാങ്ങി. പഠനത്തിന് നിയോഗിക്കപ്പെട്ട സ്പ്രിംഗ് സൊലൂഷന്‍സ് സിഇഒ അബ്ദുള്ള ആസാദിന്റെ നേതൃത്വത്തിലാണ് അഭിപ്രായങ്ങളും ആക്ഷേപങ്ങളുമുള്ള ഭൂ ഉടമകളില്‍നിന്ന് അവ സമാഹരിച്ചത്.
ഭൂമി ഏറ്റെടുക്കാന്‍ 2013-ലെ പുനരധിവാസ നഷ്ടപരിഹാരം നിയമത്തിലൂടെ 185 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്കാണ് റവന്യൂ വിഭാഗം ഇനി കടക്കേണ്ടത്. വേഗത്തില്‍ ഭൂമി ഏറ്റെടുത്ത് പരമാവധി നഷ്ടപരിഹാര തുക ലഭ്യമാക്കണമെന്ന് സമ്മതപത്രം നേരത്തെ നല്‍കിയിട്ടുള്ള ഭൂരിഭാഗം ഉടമകളും അഭിപ്രായപ്പെട്ടു. നേരത്തെ പാലത്തിന്റെ സ്ഥലമെടുപ്പിന് മാത്രമായി നാലുകോടി രൂപ കിഫ്ബിയില്‍നിന്നും അനുവദിച്ചിരുന്നു. കുന്നുമ്മ വില്ലേജില്‍ 75 സെന്റും കാവാലം വില്ലേജില്‍ 110 സെന്റും ഭൂമിവീതം ഏറ്റെടുക്കാന്‍ നേരത്തെ ഭരണാനുമതിയാകുകയും ചെയ്തിരുന്നു.
പാലം നിര്‍മാണത്തിനായി 30 കോടി രൂപ അനുവദിച്ചത് 2016-ലെ ബജറ്റിലാണ്. പാലം നിര്‍മിക്കേണ്ട പമ്പയാര്‍, ദേശീയ ജലപാതയുടെ ഭാഗമായതിനാല്‍ ഉയരവും നീളവും വര്‍ധിപ്പിക്കേണ്ടി വന്നതോടെ, പുതിയ ഡിസൈന്‍ തയാറാക്കുകയും തുക 52.4 കോടിയാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. അപ്രോച്ച് റോഡടക്കം 396.21 മീറ്ററുള്ള നീളത്തില്‍ 12 സ്പാനുകളോടുകൂടിയാണ് പാലം നിര്‍മിക്കുന്നത്.
സാമൂഹിക പ്രത്യാഘാത വിലയിരുത്തലിന് സ്പ്രിംഗ് സൊലൂഷനെ, കഴിഞ്ഞ ജൂലൈ 25-നാണ് ജില്ലാ കലക്ടര്‍ നിയോഗിച്ചത്. 21 ദവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ 30-നകം പഠന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറുമെന്ന് സ്പ്രിംഗ് സൊല്യൂഷന്‍സ് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























