ഇരുമുടിയുമേന്തി ആചാരപ്രകാരം ചെക് റിപ്പബ്ലിക്കന്‍ സംഘം അയ്യനെ ദര്‍ശിക്കാനെത്തി... 20 സ്ത്രീകളും 16 പുരുഷന്മാരും അടങ്ങുന്ന 36 അംഗ സംഘമാണ് ഇന്നലെ രാവിലെ പതിനെട്ടാംപടി ചവിട്ടി ശബരീശദര്‍ശനം നടത്തിയത്

ഇരുമുടിയുമേന്തി ആചാരപ്രകാരം ചെക് റിപ്പബ്ലിക്കന്‍ സംഘം അയ്യനെ ദര്‍ശിക്കാനെത്തി. ചെക് റിപ്പബ്ലിക്കിലെ സൗക്കെനിക്കയില്‍ ആത്മീയ പഠനകേന്ദ്രം നടത്തുന്ന തോമസ് ഫെഫ്ഫറിന്റെ നേതൃത്വത്തിലുള്ള 20 സ്ത്രീകളും 16 പുരുഷന്മാരും അടങ്ങുന്ന 36 അംഗ സംഘമാണ് ശനിയാഴ്ച രാവിലെ പതിനെട്ടാംപടി ചവിട്ടി ശബരീശദര്‍ശനം നടത്തിയത്. 48 അംഗ സംഘമാണ് ചെക് റിപ്പബ്ലിക്കില്‍നിന്നും തോമസ് ഫെഫ്ഫറിനൊപ്പമെത്തിയത്. സംഘത്തിലെ 12 സ്ത്രീകള്‍ക്ക് 50 വയസ്സില്‍ താഴെയായതിനാല്‍ അവരെ ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചശേഷം ബാക്കിയുള്ളവരാണ് ദര്‍ശനത്തിനെത്തിയത്.
ചിദംബരം സ്വദേശിയായ ഗുരുസ്വാമി പഴനി സ്വാമിയാണ് കെട്ടുനിറച്ച സംഘത്തെ ശബരിമലയിലേക്ക് നയിച്ചത്. ദര്‍ശനത്തിനുശേഷം ഇവര്‍ മേല്‍ശാന്തിയുടെ അനുഗ്രഹം വാങ്ങി. തുടര്‍ന്ന് പുണ്യം പൂങ്കാവനം പദ്ധതിയിലും ഇവര്‍ പങ്കുചേര്‍ന്നു.ശബരിമലദര്‍ശനം പ്രത്യേക അനുഭവമാണ് നല്‍കിയതെന്നും വരുംവര്‍ഷങ്ങളിലും ഇവിടെയെത്തണമെന്നാണ് ആഗ്രഹമെന്നും സംഘം പറഞ്ഞു. ഡിസംബര്‍ 26ന് ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ സംഘം ചിദംബരം, തഞ്ചാവൂര്‍, തിരുവണ്ണാമല, കുംഭകോണം, ട്രിച്ചി, പഴനി എന്നിവിടങ്ങള്‍ പിന്നിട്ടാണ് ശബരിമലയിലെത്തിയത്.
https://www.facebook.com/Malayalivartha























