ഇനി വലിയ കളികള്‍ മാത്രം... ഭരണ പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായി ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രതിരോധിക്കാനും ചിലതു പറയാനുമായി ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലേക്ക്; പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തച്ചുടയ്ക്കാന്‍ അമിത്ഷാ എത്തുമ്പോള്‍ ആകാംക്ഷയോടെ കേരളം

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കായുള്ള പ്രതിഷേധത്തെ തടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനല്ലാതെ മറ്റാരുമില്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ഗവര്‍ണറെ ഭരണപക്ഷവും പ്രതിപക്ഷവും കൂട്ട് ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് കരുത്ത് പകരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെത്തുന്നു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ പങ്കെടുക്കുന്നതിനായി അമിത് ഷാ കേരളത്തിലെത്തുമെന്നാണ് അറിയുന്നത്. ഈ മാസം 15ന് ശേഷമായിരിക്കും അമിത് ഷാ കേരളത്തിലെത്തുക. മലബാര്‍ മേഖലയില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും. എവിടെയാണ് റാലി നടത്തുക എന്നത് തീരുമാനമായിട്ടില്ല.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ഈ മാസം 15 മുതല്‍ 25 വരെ പ്രചാരണ പരിപാടികള്‍ നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. പ്രചാരണത്തിനായി ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. പഞ്ചായത്ത് തലത്തില്‍ റാലികളും ജനസമ്പര്‍ക്ക പരിപാടികളും നടത്തും. ആര്‍എസ്എസും പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കും.
പൗരത്വ നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായിട്ടുള്ളത് കേരളത്തില്‍ നിന്നാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ നിയമത്തെ എതിര്‍ത്ത് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നത് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്തു. ഒത്തൊരുമിച്ചുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കും ചെയ്തു. നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ക്കെതിരെയും കേരളത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. ഈ സാഹചര്യങ്ങളിലാണ് അമിത് ഷായെ തന്നെ പങ്കെടുപ്പിച്ച് കൊണ്ട് പ്രചാരണങ്ങള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.
പ്രതിഷേധം ശക്തമായ മറ്റു സംസ്ഥാനങ്ങളിലെ റാലികളിലും അമിത് ഷാ പങ്കെടുത്ത് വരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കുനേരെ രാജ്യവ്യാപകമായി ഉയരുന്ന എതിര്‍പ്പു മറികടക്കാന്‍ ബി.ജെ.പി.യുടെ തോറും കയറിയിറങ്ങിയുള്ള പ്രചാരണ പരിപാടി ഞായറാഴ്ച തുടങ്ങും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലെയും വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെയും വീടുകള്‍ സന്ദര്‍ശിക്കും.
അതേസമയം പൗരത്വനിയമ ഭേദഗതിയില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ആരുടെയെങ്കിലും പൗരത്വം നഷ്ടമാക്കാനല്ല, മറിച്ച് മറ്റുരാജ്യങ്ങളില്‍നിന്ന് ഇവിടെയെത്തിയ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വംനല്‍കാനാണ് നിയമം ഭേദഗതിചെയ്തതെന്ന് അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷം നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. ഈ പാര്‍ട്ടികളെല്ലാം ഒരുമിച്ചുവന്നാലും ബി.ജെ.പി. പൗരത്വനിയമഭേദഗതിവിഷയത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകില്ല. നിങ്ങള്‍ എത്രത്തോളം തെറ്റിദ്ധാരണ പടര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ അത്രത്തോളം ചെയ്‌തോളൂ' രാജസ്ഥാനിലെ ജോധ്പുരില്‍ ബി.ജെ.പി. റാലിയില്‍ പ്രതിപക്ഷത്തോടായി അദ്ദേഹം പറഞ്ഞു. പൗരത്വനിയമത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായാണ് റാലി സംഘടിപ്പിച്ചത്.
പൗരത്വനിയമഭേദഗതിയെ എതിര്‍ക്കുന്നതിനുപകരം കോട്ടയില്‍ ദിനംപ്രതി മരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യം ശ്രദ്ധിക്കൂവെന്ന് അമിത് ഷാ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനെ ഉപദേശിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും അദ്ദേഹം വിമര്‍ശിച്ചു. 'രാഹുല്‍ ബാബാ, താങ്കള്‍ പൗരത്വനിയമഭേദഗതി വായിച്ചെങ്കില്‍, ദയവായി അതേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ എവിടെയെങ്കിലും വരൂ. നിങ്ങള്‍ വായിച്ചില്ലെങ്കില്‍, നിയമം ഇറ്റാലിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിത്തന്നു സഹായിക്കാം. ദയവായി നിയമം വായിക്കൂ എന്നാണ് അമിത് ഷാ പറഞ്ഞത്.
"
https://www.facebook.com/Malayalivartha























