വട്ടംചുറ്റി പോലീസ്... ഡല്‍ഹിയിലെ അറസ്റ്റിന് ശേഷം ബിന്ദു അമ്മിണിയെ പിന്നെ കാണുന്നത് പത്തനംതിട്ടയില്‍; ശബരിമല ദര്‍ശനത്തിന് ബിന്ദു എത്തുന്നുവെന്ന അഭ്യൂഹം വന്നതോടെ ആകെ പുകില്‍; എന്നാല്‍ ബിന്ദു അമ്മിണി എത്തിയത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അമ്മയെ കാണാന്‍

ബിന്ദു അമ്മിണി എന്ന പേര് കേട്ടാല്‍ ആദ്യം ഓടിയെത്തുന്നത് ശബരിമലയെന്നാണ്. അതിനാല്‍ തന്നെ പത്തനംതിട്ടയില്‍ ബിന്ദു അമ്മിണി എത്തുമ്പോള്‍ അത് വെറുതേയായിരിക്കാന്‍ വഴിയില്ലെന്നാണ് പോലീസ് കരുതിയത്. വളരെ തിരക്കുള്ള സമയമാണ് ശബരിമലയില്‍. മാത്രവുമല്ല യുവതികളാരും എത്താത്തതിനാല്‍ ശബരിമല ശാന്തവുമാണ്. ബിന്ദു അമ്മിണി പത്തനംതിട്ടയില്‍ എത്തിയെന്നറിഞ്ഞാല്‍ പ്രതിഷേധക്കാര്‍ ഓടിയെത്തും. കഴിഞ്ഞ തവണ മുളക് സ്‌പ്രേ വീഴ്ത്തിയതിന്റെ പൊല്ലാപ്പ് ഇപ്പോഴും മാറിയിട്ടില്ല. അതിനാല്‍ തന്നെ ബിന്ദു വരുന്നെന്ന സൂചന കിട്ടിയതോടെ പോലീസുകാര്‍ നെട്ടോട്ടമോടി.
ഇന്നലെ വൈകിട്ട് ചെങ്ങന്നൂരില്‍ ട്രെയിന്‍ ഇറങ്ങിയ ബിന്ദു ബസ് മാര്‍ഗം പത്തനംതിട്ടയിലേക്ക് തിരിച്ചുവെന്നറിഞ്ഞ് പൊലീസ് ഒരുക്കിയത് വന്‍ സുരക്ഷാ സന്നാഹമാണ്. എന്നാല്‍, ബിന്ദു അമ്മിണി പോയത് ജനറല്‍ ആശുപത്രിയിലേക്കായിരുന്നു. മാതാവ് പ്രമാടം സ്വദേശി അമ്മിണി ഹാര്‍ട്ട് അറ്റാക്ക് വന്ന് ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. അമ്മയുടെ അസുഖ വിവരം അറിഞ്ഞായിരുന്നു ബിന്ദുവിന്റെ വന്നത്.
ആശുപത്രിയില്‍ എത്തി അമ്മയെ സന്ദര്‍ശിച്ച ശേഷം ബിന്ദു ബിജെപിക്കെതിരേ ആഞ്ഞടിച്ചു. ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് മാതാവിന് അസുഖം വന്നതെന്നും ആര്‍എസ്എസുകാരാണ് ഭീഷണി മുഴക്കിയതെന്നും ബിന്ദു അമ്മിണി ആരോപിച്ചു. അതേ സമയം, ഈ ആരോപണം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിഷേധിക്കുകയും ചെയ്തു.
പുതുവല്‍സര ദിനത്തില്‍ പുലര്‍ച്ചെയാണ് ബിന്ദുവിന്റെ അമ്മയെ ജനറല്‍ ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തില്‍ എത്തിച്ചത്. കടുത്ത നെഞ്ചു വേദനയുമായിട്ടാണ് ഇവരെ എത്തിച്ചത്. ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ ഹൃദയത്തില്‍ രണ്ടു തടസം കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇവര്‍ ഐസിയുവില്‍ ചികില്‍സയിലാണ്. തന്നെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറഞ്ഞിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടു ദിവസം ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കാനാണ് ബിന്ദുവിന്റെ തീരുമാനം. ഇതാണ് ശരിക്കും പൊലീസിനെ വെട്ടിലാക്കിയിരിക്കുന്നത്.
അതേസമയം ബിന്ദു വന്നത് അറിഞ്ഞ് ഹൈന്ദവ സംഘടനകള്‍ ആശുപത്രിയില്‍ നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ്. മഫ്തിയില്‍ പൊലീസുകാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ബിന്ദു ഇവിടം വിട്ടു പോകും വരെ മഫ്തി പൊലീസ് സുരക്ഷയൊരുക്കും. ബിന്ദു വന്നത് അമ്മയെ കാണാനാണെന്ന വാര്‍ത്ത പൊലീസിന് ആശ്വാസം പകരുന്നുണ്ട്. എന്നിരുന്നാലും സുരക്ഷ ഒരുക്കുന്നത് പൊലീസിന് തലവേദനയാണ്. വൈകിട്ടത്തെ ട്രെയിനിലാണ് കോഴിക്കോട്ട് നിന്നും ബിന്ദു ചെങ്ങന്നൂരില്‍ വന്നത്.
തൃപ്തി ദേശായിക്കൊപ്പം അടുത്തിടെ ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയ്‌ക്കെതിരെ മുളക് സ്‌പ്രേ പ്രയോഗിച്ചിരുന്നു. ഇത് മുളകല്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയും രംഗത്തെത്തി. അതേസമയം തനിക്കെതിരെ ഉണ്ടായ ആക്രണത്തില്‍ വ്യക്തത വരുത്തി ബിന്ദു അമ്മിണി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ നടന്നത് മുളകു പൊടി കൊണ്ടുള്ള ആക്രമണമല്ല, മറിച്ച് കെമിക്കല്‍ സ്‌പ്രേ ആണ് ഉപയോഗിച്ചതെന്നും ബിന്ദു പറഞ്ഞു. ഇതുകൊണ്ട് തന്നെ 10 മിനുട്ട് കഴിഞ്ഞത് ശേഷമാണ് അസ്വസ്ഥത കൂടിവന്നത്. ഡോക്ടര്‍മാര്‍ ഏറെ ബുദ്ധിമുട്ടിയാണ് തന്റെ കണ്ണു തുറന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ ബിന്ദു അമ്മിണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha























