ഇത് വെറും യുദ്ധമല്ല.... സുരേഷ് ഗോപിയുടെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ മഴവില്‍ മനോരമയില്‍ തകര്‍ക്കുമ്പോള്‍ അതിനെ വെല്ലാനായി മോഹന്‍ലാലിന്റെ ബിഗ് ബോസ് സീസണ്‍ 2 വുമെത്തുന്നു; ജനപ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് രണ്ടാംപതിപ്പിന് ഇന്ന് തുടക്കമാകുമ്പോള്‍ സുരേഷ് ഗോപി ഫാന്‍സുകാര്‍ അങ്കലാപ്പില്‍

ഏഷ്യാനെറ്റിലെ എക്കാലത്തേയും മികച്ച റിയാലിറ്റി ഷോകളായിരുന്നു സുരേഷ് ഗോപിയുടെ നിങ്ങള്‍ക്കുമാകാം കോടീശ്വരനും മോഹന്‍ലാലിന്റെ ബിഗ് ബോസും. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കുമാകാം കോടീശ്വരന്റെ രണ്ടാം ഭാഗവുമായി സുരേഷ് ഗോപി എത്തിയത് മഴവില്‍ മനോരമയിലാണ്. അറിവ് ആയുധമാക്കി മിടുക്ക് തെളിയിക്കുന്ന മത്സരാര്‍ഥിക്ക് 15 ചോദ്യങ്ങളിലൂടെ കോടിപതിയാകാനുള്ള അവസരം നല്‍കുന്ന ഷോയാണ് നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍.
സുരേഷ് ഗോപി അവതാരകനായ കോടീശ്വരന്റെ മുന്‍ സീസണുകളും ഏറെ ജനപ്രീതി നേടിയിരുന്നു. സുരേഷ് ഗോപിയുടെ സവിശേഷമായ അവതരണശൈലി തന്നെയായിരുന്നു നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയെ ശ്രദ്ധേയമാക്കിയത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി ഒമ്പത് മണിയ്ക്കാണ് ഷോ. എന്നാല്‍ അതേസമയത്താണ് മനോരമ ചാനലിനെ വെട്ടിലാക്കിക്കൊണ്ട് ബിഗ് ബോസ് സീസണ്‍ 2 ഇന്ന് എത്തുന്നത്. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് രണ്ടിന്റെയും അവതാരകന്‍. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ അവസാന വട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
നൂറ് ദിവസങ്ങളുള്ള ഷോയില്‍ പതിനേഴ് മത്സരാര്‍ത്ഥികളാണുള്ളത്. വൈകിട്ട് ആറ് മണിക്ക് ലോഞ്ചിങ് എപ്പിസോഡില്‍, മത്സരാര്‍ത്ഥികളെ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. പുറം ലോകത്ത് നിന്ന് അകന്ന് മത്സരാര്‍ത്ഥികള്‍ കഴിയേണ്ട ആഡംബര ബംഗ്ലാവ് ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ തയാറായി. 24 മണിക്കൂറും തുറന്നിരിക്കുന്ന അറുപതിലധികം ക്യാമറാകണ്ണുകളും സജ്ജമായിട്ടുണ്ട്.
സെലിബ്രിറ്റികള്‍ക്ക് പുറമേ സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസ് ഹൗസിലുണ്ടാവുക. കേരളത്തിന്റെ പൈതൃക തനിമയിലുള്ള സെറ്റും, വ്യത്യസ്ഥ മത്സരരീതികളുമാണ് പ്രത്യേകത.
അതേസമയം ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഷോയുടെ ആരാധകര്‍. വളരെ കൗതുകകരമാണ് ഇത്തവണത്തെ മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പെന്നും ആദ്യ സീസണിനേക്കാള്‍ രസകരമാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറഞ്ഞു. ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികള്‍ക്കിടയിലേക്ക് താന്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങളില്‍ ഒരാളെ തെരഞ്ഞെടുത്ത് വിടേണ്ടി വരികയാണെങ്കില്‍ മോഹന്‍ലാല്‍ ഏത് കഥാപാത്രത്തെയാവും തെരഞ്ഞെടുക്കുക? എന്ന ചോദ്യത്തിന്... സത്യന്‍ അന്തിക്കാട് ചിത്രം 'സന്മനസ്സുള്ളവര്‍ക്ക് സമാധാന'ത്തിലെ ഗോപാലകൃഷ്ണ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ബിഗ് ബോസ് വീട്ടിലേക്ക് കടത്തിവിടാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. 'പുള്ളി ഹൗസ് ഓണര്‍ ആണല്ലോ. വീട്ടിലുള്ളവരെ ഇറക്കിവിട്ട്, വീട് അയാള്‍ക്ക് വേണം. പക്ഷേ അവര് വെളിയില്‍ പോവുകയുമില്ല', മോഹന്‍ലാല്‍ പറയുന്നു.
ബിഗ് ബോസ് അവതാരകനാവാനുള്ള തീരുമാനത്തെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്നു. 'അവതാരകനാവുക ഒരു വെല്ലുവിളിയാണ്. വ്യത്യസ്ത സ്വഭാവമുള്ള 17 ആളുകള്‍. അവരുമായി ഓരോ ദിവസവും പങ്കിടുന്നത് വൈവിധ്യമാര്‍ന്ന സംഭവങ്ങള്‍. പുറംലോകവുമായി അവര്‍ക്കുള്ള ഒരേയൊരു കണക്ഷന്‍ ഞാനാണ്. അവതാരകനിലൂടെയാണ് അത് പ്രേക്ഷകര്‍ അറിയുന്നത്. അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ട്. അതുതന്നെയാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. മത്സരാര്‍ഥികള്‍ക്ക് അവനവനെക്കുറിച്ചുതന്നെ ഒരുപാട് വെളിപാടുകള്‍ കിട്ടാന്‍ സാധ്യതയുള്ള ഷോയാണ് ബിഗ് ബോസ്. ഇതൊക്കെ പരിഗണിച്ചാണ് ബിഗ് ബോസില്‍ അവതാരകനായത് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
എന്തായാലും മോഹന്‍ലാലിന്റെ ബിഗ് ബോസും സുരേഷ് ഗോപിയുടെ കോടീശ്വരനും കൂടിയെത്തുമ്പോള്‍ കുടുംബത്തിലും ഒരടി ഉറപ്പാ. മോഹന്‍ലാല്‍ ഫാന്‍സുകാരും സുരേഷ് ഗോപി ഫാന്‍സുകാരും ആര് ആരെ തോല്‍പ്പിക്കുമെന്ന് കാണാം.
https://www.facebook.com/Malayalivartha























