മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നവർ ഇത് കണ്ടു പഠിക്കേണ്ടത്; മാതൃകയായി അട്ടച്ചാക്കൽ മാർത്തോമാ ഇടവക

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തമ്മിൽ തല്ലുകൾക്കിടയിൽ മാതൃകയായി പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ മാർത്തോമാ ഇടവക. സ്നേഹത്തെയും മാനുഷത്വത്തെയുംകാളും മൂല്യം സ്വത്തിനും പണത്തിനും കല്പിക്കുന്നവർക്ക് മാതൃകയായിരിക്കുകയാണ് അട്ടച്ചാക്കൽ മാർത്തോമാ ഇടവക. കിഴക്കുപുറം ചെങ്ങറ റോഡുകളെ ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയിലെ സെന്റ് തോമസ് മാർത്തോമാ പള്ളിയുടെ ഭാഗം പൊതുഗതാഗതത്തിന് വേണ്ടി വീതി കൂട്ടി കൊടുത്തുകൊണ്ടാണ് ഇടവക വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.
വർഷങ്ങളായി നാട്ടുകാർ സമാന്തര പാതയാണ് യാത്രയ്ക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ചെങ്ങറ - പത്തനംതിട്ട തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയൊരു എളുപ്പ വഴി കൂടിയാണ് ഈ റോഡ്. അതുകൊണ്ടുതന്നെ ഈ റോഡിൽ കൂടി യാത്ര ചെയ്യുന്ന വാഹനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രദേശത്തു്കൂടെയുള്ള യാത്ര വളരെ ദുഷ്കരമാണ്.
ഈ പ്രശ്നം പരിഹരിക്കപ്പെടണമെന്നുള്ള ആവശ്യം ഏറെനാളായി ഉയർന്നു കേട്ടിരുന്നു. തുടർന്ന് സുഗമമായ യാത്രയ്ക്ക് വേണ്ടി പള്ളിയുടെ നൂറ്റി രണ്ടാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ഏകദേശം നാല് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന 300 അടി നീളത്തിൽ ഉള്ള ഭാഗം ആറ് മീറ്റർ വീതിയിൽ പുനർനിർമിക്കാൻ ഇടവക വികാരിയും പള്ളി ഭാരവാഹികളും കൂട്ടായ തീരുമാനമെടുക്കുകയായിരുന്നു. അതിന്റെ ഭാഗമായി വിഷയം പൊതുജന സമക്ഷം അവതരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി പണികൾ തുടങ്ങി വക്കുകയും ചെയ്തു. നാടിനും നാട്ടുകാർക്കും ഭാവി തലമുറയ്ക്കും ഏറെ പ്രയോജനം ലഭിക്കുന്ന സഭയുടെ ഈ പ്രവൃത്തികൾ അഭിനന്ദനമർഹിക്കുന്ന ഒന്ന് തന്നെയാണ്.
മതസൗഹാര്‍ദ്ദത്തിനും ജനങ്ങളുടെ അടിസ്ഥാന വികസനത്തിനുമായി തികച്ചും മാതൃകാപരമായ പ്രവർത്തനമാണ് ഇടവകയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് സമീപ പ്രദേശത്തെ മറ്റു മതസ്ഥരും അഭിപ്രായപ്പെടുന്നത്. ചെങ്ങറയിലെ ജനങ്ങളിലേറെയും ഹൈന്ദവരും ക്രൈസ്തവരുമാണ് അതുകൊണ്ടുതന്നെ മത സൗഹാർദ്ദത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഇടവകയുടെ പ്രവർത്തിയെ ഏവരും സന്തോഷത്തോടുകൂടിയാണ് നോക്കികാണുന്നത്.
https://www.facebook.com/Malayalivartha


























