എക്‌സൈസ് സംഘം കൈകാണിച്ചപ്പോള്‍ നിര്‍ത്തിയില്ല; എക്‌സൈസ് പിന്തുടരുന്നതിനിടയില്‍ ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതര പരുക്ക്

എക്‌സൈസ് സംഘം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെപോയ ബൈക്ക് എക്‌സൈസ് പിന്തുടരുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. കാസര്‍കോട് ചൗക്കിയിലെ നവീന്‍കുമാറിനാണ് (32) പരുക്കേറ്റത്.
ഇയാള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . പെര്‍മുദയ്ക്കടുത്ത ചേവാറില്‍ വെച്ചായിരുന്നു സംഭവം. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് വാഹനപരിശോധനയുടെ ഭാഗമായി പെര്‍മുദയില്‍ ബൈക്കിന് കൈകാണിച്ചിരുന്നു. എന്നാല്‍ നിര്‍ത്താതെപോയ ബൈക്കിനെ എക്‌സൈസ് അധികൃതര്‍ പിന്തുടര്‍ന്നു. ചേവാറിനടുത്ത് സര്‍ക്കാര്‍ ആശുപത്രിക്കടുത്തെത്തിയപ്പോള്‍ ബൈക്ക് ആശുപത്രിയുടെ മതിലിലിടിച്ച് മറിയുകയായിരുന്നു . ഗുരുതരമായി പരുക്കേറ്റ യുവാവിനെ എക്‌സൈസ് സംഘംതന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കിലുണ്ടായിരുന്ന സഞ്ചിയില്‍നിന്ന് 71 പായ്ക്കറ്റ് മദ്യം അധികൃതര്‍ കണ്ടെടുത്തു.
https://www.facebook.com/Malayalivartha


























