ഒറ്റനില്‍പില്‍ കരഞ്ഞുതീര്‍ത്തു... ഇത്രയേറെ ആനയെ സ്‌നേഹിച്ച ഒരു പാപ്പാനും കുടുംബവും സ്വപ്നങ്ങളില്‍ മാത്രം; ഇരുവരും ഒന്നിച്ചുള്ള യാത്ര പല അസൂയക്കാരേയും തീര്‍ത്തു; നാട്ടാനകള്‍ ഇടയുകയോ കുറുമ്പ് കാട്ടുകയോ ചെയ്യുമ്പോള്‍ ഓടിയെത്തുന്ന ശ്രീജിത്തിന് ആരാധകരേറെ; വാഹനാപകടത്തില്‍ ശ്രീജിത്ത് യാത്രയാകുമ്പോള്‍ സങ്കടം നിയന്ത്രിക്കാനാകാതെ കൊമ്പന്‍

ഒരു നാടിനെയാകെ വേദനിപ്പിച്ച് കൊണ്ടാണ് കൊമ്പന്‍ തളാപ്പ് പ്രസാദിനെ തനിച്ചാക്കി പാപ്പാന്‍ ശ്രീജിത്ത് യാത്രയായത്. ശ്രീജിത്തിന്റെ മരണം ആനയേയും നാട്ടുകാരേയും ഒരുപോലെ വേദനിപ്പിച്ചിരിക്കുകയാണ്. ഇരുവരുമൊരുമിച്ചുള്ള ഉത്സവച്ചന്തം ഇനിയില്ല. മുട്ടിയുരുമ്മിയുള്ള നില്പും നടപ്പുമില്ല. അത്തോളിക്കടുത്തുള്ള കൊടക്കല്ലിലുണ്ടായ വാഹനാപകടത്തില്‍ അത് എന്നേക്കുമായി വേര്‍പെട്ടു.
കഴിഞ്ഞദിവസം ആദികടലായി ക്ഷേത്രത്തിലെ എഴുന്നള്ളത്തിനുശേഷം പ്രസാദിനെത്തളച്ച് നടുവണ്ണൂരിലെ വീട്ടിലേക്ക് വന്നതായിരുന്നു ശ്രീജിത്ത്. പ്രിയ പാപ്പാന്റെ വേര്‍പാടില്‍ ആന വല്ലാത്ത സങ്കടത്തിലാണ്. തീറ്റയെടുക്കാതെ ആന കരഞ്ഞുതീര്‍ത്തെത്താണ് നാട്ടുകാര്‍ പറയുന്നത്.
തളാപ്പ് പ്രസാദിന്റെയും പാപ്പാന്‍ ശ്രീജിത്തിന്റെയും സൗഹൃദം നാട്ടില്‍ പ്രസിദ്ധമാണ്. ആ സൗഹൃദം ഒരുപാട് ആന പ്രേമികളെയും സൃഷ്ടിച്ചിട്ടുണ്ട്. അഞ്ചാംക്ലാസില്‍ നിന്ന് നേരെ ആനപ്പുറത്തേറിയ ജീവിതമാണ് ആനക്കമ്പക്കാര്‍ കോഴിക്കോടനെന്ന് വിളിക്കുന്ന ശ്രീജിത്തിന്റേത്. അച്ഛന്‍ ശ്രീധരന്‍ പാപ്പാനായിരുന്നു. സഹോദരനടക്കം ശ്രീജിത്തിന്റെ ഇരുപതോളം ശിഷ്യന്‍മാര്‍ ഇപ്പോള്‍ പലയിടത്തായി ആനപരിപാലനത്തില്‍ ഉണ്ട്. നാട്ടാനകള്‍ ഇടയുകയോ കുറുമ്പ് കൂടുതലായി കാട്ടുകയോ ചെയ്യുമ്പോള്‍ ഓടിയെത്താനും ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്.
ശ്രീജിത്തിനെപ്പറ്റി നാട്ടുകാര്‍ക്ക് നൂറ് നാവാണ്. പാപ്പാന്റെ കുടുംബത്തില്‍ അംഗമായ കൊമ്പന്‍ തളാപ്പ് പ്രസാദിന്റെയും, നന്നേ ചെറുപ്പത്തില്‍ത്തന്നെ പാപ്പാന്റെ അധികാര ചിഹ്നമായ തോട്ടി കയ്യിലെടുത്ത ശ്രീജിത്തിന്റെയും തലയെടുപ്പേറെയുള്ള ജീവിത കഥ. പാപ്പാന്‍ ബാലുശ്ശേരി കൊടോളി പുനത്തില്‍ ശ്രീജിത്തിന്റെ ഭാര്യ ഗ്രീഷ്മയും മകള്‍ മൂന്നു വയസുകാരി ദേവൂട്ടിയെന്ന ആഗ്‌നേയയും കണ്ണിമ വെട്ടാതെ കൊമ്പന്റെ ചന്തം കണ്ടു നില്‍ക്കുകയല്ല. കൊമ്പനെ കുടുംബത്തിലെ ഒരംഗത്തെ പോലെ പരിചരിക്കുകയാണ് ഇരുവരും.
തലയെടുപ്പില്‍ മുന്നിലാണ് തളാപ്പ് പ്രസാദെന്ന കൊമ്പന്‍. ഏതൊരു കൊമ്പനെയും പോലെ വര്‍ഷത്തില്‍ ഒന്നര മുതല്‍ 3 മാസം വരെ ഇവനും നീരുകാലമാണ്. കഴിഞ്ഞ 3 മാസത്തിനിടെടെ പ്രസാദും തന്റെ ജീവചക്രത്തില്‍ ഒരു മദപ്പാട് കാലം കൂടി പിന്നിട്ടു. ഉത്സവ എഴുന്നള്ളിപ്പിനായി കൊണ്ടുപോയപ്പോള്‍ മദപ്പാടിന്റെ ലക്ഷണം കണ്ടതോടെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ച് തളയ്ക്കുകയായിരുന്നു.
ഇത്തവണത്തെ നീരുകാലത്ത് കൊമ്പന്‍ പ്രസാദ് കഴിഞ്ഞിരുന്നത് കാടിനോട് സാമ്യമുള്ള സാഹചര്യത്തിലാണ്. ഇതിനായി കുന്നിന്‍ മുകളില്‍ മരങ്ങള്‍ തിങ്ങി നിറഞ്ഞ, ശബ്ദ കോലാഹലങ്ങളില്ലാത്ത, യഥേഷ്ടം വെള്ളം ലഭിക്കുന്ന ഒരിടം കണ്ടെത്തി അവിടേക്ക് കുടുംബത്തോടൊപ്പം മാറുകയായിരുന്നു. പാപ്പാന്‍ ശ്രീജിത്ത്. ചില ആനകള്‍ക്ക് മദപ്പാട് കാലത്ത് പാപ്പാനോട് ഇത്തിരി ദേഷ്യം കൂടുതലായിരിക്കും. പാപ്പാന്‍ നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ പോലും കൂട്ടാക്കില്ല. പാപ്പാനെ അകറ്റിയപ്പോഴും കൊമ്പന്‍ പ്രസാദ് ഗ്രീഷ്മയും മകളുമായി നല്ല കൂട്ടായിരുന്നു. നേരം നോക്കി ഭക്ഷണം നല്‍കാന്‍ ഇവര്‍ക്ക് ഇരുവരും മത്സരിച്ചു.
പിടിയാനയെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് പ്രകൃതി കൊമ്പന്‍മാര്‍ക്ക് മദപ്പാട് ഒരുക്കിയിരിക്കുന്നത്. മദപ്പാടിന്റെ ഗന്ധം മൈലുകള്‍ക്കപ്പുറം നിന്നേ പിടിയാനകള്‍ക്ക് തിരിച്ചറിയാനാകും. നാട്ടു സാഹചര്യങ്ങളില്‍ അവനു നീരൊലിച്ചു തീരാന്‍ സൗകര്യം ഒരുക്കി നല്‍കലമാണ് മികച്ച ആന പരിപാലനം. നീരകന്നപ്പോള്‍ തളാപ്പ് പ്രസാദിനെ ആദ്യം കൊണ്ടു പോയത് ക്ഷേത്രത്തില്‍ തൊഴാനാണ്. അമ്പലം ചുറ്റി അവന്‍ തൊഴുത് പ്രാര്‍ഥിച്ച് കുറി തൊട്ട് അവിനറങ്ങിയത് ഉത്സവകാലത്ത് തലയെടുപ്പോടെ തിടമ്പേറ്റാനാണ്.
ഒട്ടേറെ ആരാധകരും തളാപ്പ് പ്രസാദിന് സ്വന്തം. മലബാറില്‍ ആദ്യമായി ഫാന്‍സ് അസോസിയേഷന്‍ രൂപപ്പെട്ടത് തലയെടുപ്പിലും ആകാരത്തിലും പ്രഥമ സ്ഥാനത്തുള്ള പ്രസാദിനു വേണ്ടിയാണ്. 25 വര്‍ഷം മുന്‍പ് കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ ചാലാട് ഉത്സവ കമ്മിറ്റി നടത്തിയിരുത്തിയതാണ് പ്രസാദിനെ. മൂന്നാമത്തെ പാപ്പാനാണ് ശ്രീജിത്ത്. പ്രസാദിന് ആദ്യം ലോറിയില്‍ കയറാന്‍ മടിയായിരുന്നു. അതിനാല്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ നടത്തിച്ചാണ് കൊണ്ടുപോയിരുന്നത്. മടി മാറിയതോടെ ഇപ്പോള്‍ ദീര്‍ഘ ദൂര യാത്രകള്‍ ലോറിയിലാണ്.
അഞ്ചാം ക്ലാസില്‍ നിന്ന് നേരെ ആനപ്പുറത്തേറിയ ജീവിതമാണ് ആനക്കമ്പക്കാര്‍ കോഴിക്കോടനെന്ന് വിളിക്കുന്ന ശ്രീജിത്തിന്റേത്. അച്ഛന്‍ ശ്രീധരന്‍ പാപ്പാനായിരുന്നു. സഹോദരനടക്കം ശ്രീജിത്തിന്റെ ഇരുപതോളം ശിഷ്യന്‍മാര്‍ ഇപ്പോള്‍ പലിടത്തായി ആന പരിപാലനത്തില്‍ ഉണ്ട്. നാട്ടാനകള്‍ ഇടയുകയോ കുറുമ്പ് കൂടുതലായി കാട്ടുകയോ ചെയ്യുമ്പോള്‍ ഓടിയെത്താനും ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്.
എഐടിയുസിയുടെ നേതൃത്വത്തിലുള്ള ആന തൊഴിലാളി സംഘടനയുടെ മലബാര്‍ മേഖലാ സെക്രട്ടറി കൂടിയാണ് ശ്രീജിത്ത്. പതിനേഴാം വയസില്‍ എരുമേലി തേക്കുംതോട്ടം ഗംഗാധരന്റെ ഒന്നാം പാപ്പാനായി. ചെര്‍പ്പുളശ്ശേരി മണികണ്ഠന്‍, കൊളക്കാടന്‍ ഗണപതി, പട്ടാമ്പി ശിവശങ്കരന്‍, ചെത്തല്ലൂര്‍ മുരളീകൃഷ്ണന്‍, ബാലുശ്ശേരി ധനഞ്ജയന്‍ തുടങ്ങിയ പേരുകേട്ട കൊമ്പന്‍മാരെയാണ് ചെറുപ്പത്തിലേ ശ്രീജിത്ത് നയിച്ചത്. അങ്ങനെയാണ് ആനക്കൊപ്പം ആനക്കാരന്റെയും പെരുമ നാടറിഞ്ഞത്.
"
https://www.facebook.com/Malayalivartha


























