നിഷേധിയായ മലയാളികൾ; തൃശ്ശൂരിൽ നിരീക്ഷണത്തിലായിരുന്ന മൂന്നുപേർ ചൈനയിലേക്ക് പോയി; രണ്ടുപേർ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം വഴിയും മൂന്നാമൻ സിങ്കപ്പൂർവഴിയും; ലോകത്തുടനീളം കൊറോണ വൈറസ് ബാധ മൂലം മരണം സംഭവിച്ചവരുടെ എണ്ണം 1107

കൊറോണ വൈറസ് ബാധ മൂലം മരണം സംഭവിച്ചവരുടെ എണ്ണം 1107 ആയി വർധിച്ചു. ചൈനയില്‍ ചൊവ്വാഴ്ച നൂറിലേറെ പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 44,138 ആയി. ആയിരത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിൽ കൊറോണ വൈറസ് ബാധയ്ക്കിടെ ചൈനയിൽനിന്നെത്തി കേരളത്തിൽ നിരീക്ഷണത്തിലായിരുന്ന മൂന്നുപേർ 28 ദിവസത്തെ നിരീക്ഷണക്കാലയളവ് തീരുംമുമ്പ് ആരോഗ്യവകുപ്പിനെ അറിയിക്കാതെ ചൈനയിലേക്കു കടന്നതായാണ് റിപ്പോർട്ട്.
ചൈനയിൽ ബിസിനസ് നടത്തുന്ന തൃശ്ശൂരിലെ അടാട്ടുനിന്നുള്ള ദമ്പതിമാരും കൂർക്കഞ്ചേരിയിൽനിന്നുള്ളയാളുമാണ് തിങ്കളാഴ്ച പോയത്. ദമ്പതിമാർ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളംവഴിയും മറ്റേയാൾ സിങ്കപ്പൂർവഴിയുമാണ് പോയതെന്നാണു വിവരം.
വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യവകുപ്പ് അധികൃതർ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഫോണിൽ വിളിക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ടുവരെ ഇവർ മൂന്നുപേരും അധികൃതരോടു സംസാരിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നറിയിച്ചു. തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോൾ മൊബൈൽ നമ്പറുകൾ സ്വിച്ച്ഓഫ് ആയിരുന്നു. ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് പോയ വിവരം അറിഞ്ഞത്.
ആരോഗ്യവകുപ്പ് അധികൃതർ സർക്കാരിലേക്ക് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയിലേക്കു കടന്നവരുടെപേരിൽ എന്തുനടപടി വേണമെന്ന കാര്യത്തിൽ എമിഗ്രേഷൻ വിഭാഗവുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും. തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 233 പേരും ആശുപത്രികളിൽ എട്ടുപേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊറോണയുടെ ആശങ്കയൊഴിഞ്ഞ സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ നിന്ന് പലരെയും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്ന 3447 പേരിൽ 3420 പേര്‍ വീടുകളിലാണ്. 27പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിൽ ഉള്ളവരിൽ നിന്നുള്ള 380 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. 33 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ലഭ്യമായതില്‍ 344 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ആശുപത്രിയില്‍ കഴിയുന്ന ആരുടേയും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള മാര്‍ഗരേഖകള്‍ ആരോഗ്യവകുപ്പ് പരിഷ്‌കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് പലരെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ജപ്പാനിലെ യോക്കോഹാമയില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലുള്ള 175 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റര്‍ഡാം എന്ന മറ്റൊരു കപ്പലില്‍ വൈറസ് ബാധ സംശയിക്കുന്ന രണ്ടായിരത്തോളം പേരുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. കപ്പല്‍ തീരത്ത് അടുപ്പിക്കാനുള്ള ആവശ്യം വിവിധ രാജ്യങ്ങള്‍ നിഷേധിച്ചു. കപ്പലില്‍ ജീവനക്കാരും യാത്രക്കാരുമായി 138 ഇന്ത്യക്കാരുണ്ടെന്നും ഇതിലാര്‍ക്കും വൈറസ് ബാധയില്ലെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഭീഷണി ഉടനൊന്നും അവസാനിക്കാനിടയില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി അവസാനത്തോടെ വൈറസ് ബാധ ഏറ്റവും ഉയര്‍ന്നനിലയിലെത്താമെന്ന് ആരോഗ്യ ഉപദേഷ്ടാവും വൈറോളജിസ്റ്റുമായ ഷോങ് നന്‍ഷാന്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
99 ശതമാനം വൈറസ് ബാധയും ചൈനയിലാണെങ്കിലും മറ്റുരാജ്യങ്ങള്‍ ഏറെ കരുതിയിരിക്കണമെന്ന് ഡബ്‌ള്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു. കൊറോണയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ജനീവയില്‍ നടക്കുന്ന രണ്ടുദിവസത്തെ സമ്മേളനത്തില്‍ നാനൂറിലധികം ശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. വൈറസ് എവിടെനിന്ന് എങ്ങനെ പടര്‍ന്നു, മരുന്നിനായുള്ള ഗവേഷണങ്ങള്‍ എവിടെയെത്തി തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചചെയ്യുക.
https://www.facebook.com/Malayalivartha


























