കഴിവ് തെളിയിച്ചാല്‍... പുരുഷ പോലീസുകള്‍ക്ക് പിന്നാലെ സ്വതന്ത്ര കേസന്വേഷണങ്ങള്‍ക്ക് വനിതാ പോലീസ് ഓഫീസര്‍മാര്‍ക്കും അനുമതി; ഐ.പി.എസ്. ഇതര വിഭാഗത്തിലെ വനിതാ ഓഫീസര്‍മാര്‍ക്ക് ഈ ചുമതല ആദ്യമായാണ് നല്‍കുന്നത്

സംസ്ഥാനത്തെ വനിത പോലീസ് പുരുഷ പോലീസിന് ഒട്ടും പുറകിലല്ലെന്ന് തെളിയിക്കാന്‍ സുവര്‍ണാവസരം. സ്വതന്ത്ര കേസന്വേഷണങ്ങള്‍ക്ക് ഇനി വനിതാ പോലീസ് ഓഫീസര്‍മാരും നേതൃത്വം നല്‍കുന്നതാണ്. ഐ.പി.എസ്. ഇതരവിഭാഗത്തിലെ വനിതാ ഓഫീസര്‍മാര്‍ക്ക് ഈ ചുമതല നല്‍കുന്നത് ആദ്യമായാണ്.
എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്‌റ്റേഷനുകളില്‍ മൂന്നുതരം കേസുകളുടെ അന്വേഷണച്ചുമതല ഇവര്‍ക്കായിരിക്കും. ഒരു സ്‌റ്റേഷനില്‍ നാലുവീതം പോക്‌സോ, ലൈംഗികപീഡനം, രണ്ട് സ്ത്രീധനപീഡനം എന്നിവയുടെ അന്വേഷണച്ചുമതലയാണ് നല്‍കുക.
ഗൗരവമായ കേസന്വേഷണങ്ങളില്‍ വനിതാ ഓഫീസര്‍മാരെ ഉപയോഗിക്കുന്നില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെത്തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്ത് പത്ത് സ്ത്രീ പോലീസ് സ്‌റ്റേഷനുകളുണ്ട്. 19 പോലീസ് ജില്ലകളിലെ സ്‌റ്റേഷനുകള്‍, വനിതാ സെല്ലുകള്‍ എന്നിവിടങ്ങളില്‍ എസ്.ഐ., സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥകളുണ്ടെങ്കിലും അന്വേഷണങ്ങളുടെ സ്വതന്ത്ര ചുമതല നല്‍കാറില്ല.
പുരുഷ എസ്.എച്ച്.ഒ.മാരെ സഹായിക്കുക മാത്രമാണ് ചെയ്യാറ്. ഇനി ഏതെങ്കിലും സ്‌റ്റേഷനുകളില്‍ വനിതാ സി.ഐ., എസ്.ഐ.മാരില്ലെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വനിതാ പോലീസുകാരെ ഉള്‍പ്പെടുത്തണമെന്നാണു ചട്ടം. സ്ത്രീകള്‍ ഉള്‍പ്പെടുന്ന കേസുകളുടെ അന്വേഷണങ്ങള്‍ക്ക് സ്ത്രീ അന്വേഷകരുടെ സാന്നിധ്യം നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണു പ്രതീക്ഷ.
അടുത്തിടേയാണ് കേരളാ പോലീസില്‍ ഇനി 'വനിതാ പോലീസ്' ഉണ്ടാകില്ല എന്ന സുപ്രധാന തീരുമാനമെടുത്തത്. എല്ലാവരും പോലീസുകാര്‍ മാത്രം. ഔദ്യോഗികസ്ഥാനങ്ങള്‍ക്ക് മുന്നില്‍ വനിത എന്ന് ചേര്‍ക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. 1995 നുശേഷം സേനയുടെ ഭാഗമായ വനിതകള്‍ക്കാകും ഇത് ബാധകമാവുക.
വനിതാപോലീസില്‍ ഇപ്പോള്‍ രണ്ടു വിഭാഗമാണുള്ളത്. 1995 നു മുമ്പ് സേനയിലെത്തിയവരും (ക്ലോസ്ഡ് വിങ്), അതിനുശേഷമെത്തിയവരും. മുമ്പ് വനിതാ പോലീസുകാരെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ്‌കോണ്‍സ്റ്റബിള്‍, വനിതാ എസ്.ഐ., വനിതാ സി.ഐ, വനിതാ ഡിവൈ.എസ്.പി. എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്.
2011 ല്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പോലീസ് ഓഫിസറെന്നും വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്റെ പേര് സീനിയര്‍ സിവില്‍ പോലീസ് ഓഫിസറെന്നുമാക്കി. ബറ്റാലിയനുകളില്‍ വനിതയെന്ന പദം ഒഴിവാക്കി പോലീസ് കോണ്‍സ്റ്റബിളും ഹവില്‍ദാറുമെന്നായി. എന്നാല്‍ വനിതാ പോലീസുകാര്‍ സ്ഥാന പേരിനു മുന്നില്‍ വനിതയെന്ന് ഉപയോഗിക്കുന്നത് തുടര്‍ന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗുരുതരകേസുകള്‍ അന്വേഷിക്കാന്‍ റെയ്ഞ്ച്തലത്തില്‍ വനിതാപോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വനിതാസെല്ലുകളില്‍ നിന്നുള്ള ഒരു വനിതാ ഇന്‍സ്‌പെക്ടറെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുക. റെയ്ഞ്ച് ഡി.ഐ.ജി. മേല്‍നോട്ടംവഹിക്കും. സംഘാംഗങ്ങള്‍ക്ക് കേരള പോലീസ് അക്കാദമിയിലോ പോലീസ് ട്രെയിനിങ് കോളേജിലോ പരിശീലനം നല്‍കും.
രണ്ട് വനിതാപോലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് പൊതുസ്ഥലങ്ങളില്‍ പട്രോളിങ് നടത്തുക. രാവിലെയും ഉച്ചകഴിഞ്ഞും സ്‌കൂള്‍സമയങ്ങളിലും വൈകുന്നേരവും രാത്രി 11 മണിക്കും വെളുപ്പിന് അഞ്ചുമണിക്കും ഇടയ്ക്കുള്ള സമയത്ത് രണ്ടുമണിക്കൂര്‍ വീതമാണ് പട്രോളിങ്. പെണ്‍കുട്ടികളോട് അവര്‍ നേരിടുന്ന അതിക്രമങ്ങളും സുരക്ഷാഭീഷണികളും ചോദിച്ചറിഞ്ഞ് നടപടി സ്വീകരിക്കും. ഇതിനായി വനിതാ ബറ്റാലിയനില്‍നിന്നും ലോക്കല്‍ പോലീസില്‍നിന്നും പോലീസുകാരെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























