ബെഹ്‌റ ബ്രിട്ടണിലേക്ക്; കേരള പോലീസിലെ അഴിമതി വിവാദങ്ങൾക്കിടെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ബ്രിട്ടണിലേക്ക് പോകാൻ അനുമതി; യാത്ര ചെലവ് സർക്കാർ വഹിക്കും ; സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പൊലീസ് തയാറാക്കിയ സിംസ് പദ്ധതിയും സംശയനിഴലിൽ

കേരള പോലീസിലെ അഴിമതി വിവാദങ്ങൾക്കിടെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ബ്രിട്ടണിലേക്ക് പോകാൻ അനുമതി. സുരക്ഷ സെമിനാറിൽ പങ്കെടുക്കാനാണ് ബെഹ്‌റ പോകുന്നത്. സർക്കാർ ചിലവിൽ മാർച്ച് 3,4,5 തീയതികളിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ബെഹ്‌റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നത്. പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും, വ്യാജവെടിയുണ്ടകൾ തിരികെ വച്ചെന്നും പർച്ചേസിൽ ഉൾപ്പെടെ ഭീമമായ ക്രമക്കേടുകൾ നടന്നെന്നും കഴിഞ്ഞ ദിവസം സി. എ. ജി റിപ്പോർട്ട് ചെയ്‌തിരുന്നു. മാരക പ്രഹര ശേഷിയുള്ള 25 ഇൻസാസ് റൈഫിളുകളും 12,061തിരകളും എ.കെ - 47 തോക്കിന്റെ തിരകളും ഉൾപ്പെടെ തിരുവനന്തപുരത്തെ സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നാണ് കാണാതായത്. വെടിയുണ്ടകൾ കടത്തിയവർ വ്യാജ വെടിയുണ്ടകൾ തിരികെ വച്ചു. പർച്ചേസിൽ ചട്ടങ്ങൾ പാലിക്കാത്തതും ടെൻഡർ വിളിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ റിപ്പോർട്ടിലുണ്ട്. ഡി.ജി.പി അറിഞ്ഞുകൊണ്ടു കേന്ദ്ര മാർഗനിർദേശങ്ങൾ ലംഘിച്ചു. ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ കേന്ദ്രം നൽകിയ 4.35കോടി വകമാറ്റി പൊലീസ് മേധാവിക്ക് ഒരു വില്ലയും ക്യാമ്പ് ഹൗസും മുതിർന്ന ഉദ്യോഗസ്ഥർക്കായി നാല് വില്ലകളും നിർമ്മിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ വന്‍ അഴിമതി നടത്തിയതെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തിയതോടെ സർക്കാർ പ്രതിരോധത്തിലായി . അന്വേഷണം പ്രഖ്യാപിച്ച് ബഹറയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്താൽ തീരാവുന്ന വിവാദം കത്തി പടരാൻ ആവശ്യമായ സാഹചര്യമാണ് സർക്കാർ ഒരുക്കി കൊടുക്കുന്നത്.
ഡി.ജി.പിയെ ഉടനടി തല്‍സ്ഥാനത്ത് നിന്നു മാറ്റി വിശ്വാസയോഗ്യതയുള്ള ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരിക്കാൻ വയ്യ എന്ന അവസ്ഥയിലാണ് സർക്കാർ എത്തി ചേർന്നിരിക്കുന്നത്.
ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന ക്രമക്കേടാണ് പോലീസിലുണ്ടായത് എന്നാണു സി.എ.ജി റിപ്പോര്‍ട്ട്.
മവോയിസ്റ്റ് മേഖലയില്‍ തണ്ടര്‍ബോള്‍ട്‌സ് സേനാംഗങ്ങള്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ നല്‍കിയ തുകപോലും വകമാറ്റിയെന്നത് അതീവ ഗുരുതരമാണ്. കേരള പോലീസിന്റെ ചരിത്രത്തില്‍ ഇതുപോലെ അഴിമതി നിറഞ്ഞ കാലം ഉണ്ടായിട്ടില്ല. അതിനിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷമായി നടത്തിയ അഴിമതിയുടെ എല്ലാ തെളിവുകളും കോണ്‍ഗ്രസ് ശേഖരിച്ചുവരികയാണെന്നു മുല്ലപ്പള്ളി പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പൊലീസ് തയാറാക്കിയ സിംസ് പദ്ധതിയും സംശയനിഴലിലാണ്. പൊലീസിന്റെ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തികനേട്ടം കൊയ്യുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ്. പൊലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം നിര്‍മിച്ച് ഇഷ്ടം പോലെ കടന്ന് ചെല്ലാനുള്ള അധികാരവും ഡി.ജി.പി ഈ കമ്പനിക്ക് അനുവദിച്ച് നല്‍കി.
ഫണ്ട് വകമാറ്റം പോലുള്ള ഗുരുതര ആരോപണങ്ങള്‍ ഡി.ജി.പി നേരിടുന്നതിനിടെയാണ് സ്വകാര്യ കമ്പനിക്ക് പൊലീസ് ആസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത അധികാരം അനുവദിച്ച് നല്‍കിയ വിവരങ്ങളും പുറത്തുവരുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ സി.സി.ടി.വികളും സെര്‍വറുകളും സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മോഷണവും മറ്റും തടയാനുള്ള പദ്ധതിയാണ് സിംസ്.
പൊലീസും കെല്‍ട്രോണും ചേര്‍ന്ന് നടപ്പാക്കുന്നൂവെന്നാണ് ആദ്യം ഡി.ജി.പി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മറികടന്ന് ഗാലക്‌സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിയ്ക്കാണ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























