ലക്ഷണം കണ്ടപ്പോ പന്തികേട്.... ബാഗ് പരിശോധിച്ച റെയിൽവേ ടിക്കറ്റിംഗ് എക്‌സാമിനറുടെ കണ്ണുതള്ളി... മണത്തു കണ്ടെത്തിയത് ജാക്ക് എന്ന പോലീസ് നായ...സംശയത്തിന് കാരണമായത് ഉപയോഗിക്കുക മാത്രമല്ല കയ്യിലുമുണ്ടെന്ന മൊഴി

ട്രെയിനിൽ ശല്യമുണ്ടാക്കിയ യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പരിശോധിച്ച റെയിൽവേ ടിക്കറ്റിംഗ് എക്‌സാമിനറുടെ കണ്ണുതള്ളി. പിടിയിലായ പ്രതിയുടെ കൈവശമുണ്ടായിരുന്നത് കിലോക്കണക്കിന് കഞ്ചാവ്.
തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ 16 കിലോ കഞ്ചാവുമായാണ് യുവാവ് പിടിയിലായത് . പാച്ചല്ലൂർ ജയാ നിവാസിൽ അഭിരാജിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ഒൻപതോടെ ദിബ്രുഗർകന്യാകുമാരി വിവേക് എക്‌സ്‌പ്രസിലെത്തിയതായിരുന്നു ഇരുപത്തിരണ്ടുകാരനായ അഭിരാജ്. പ്രത്യേക പരിശീലനം നേടിയ പോലീസ് നായ ജാക്കാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്‌തതോടെ രണ്ടു ബാഗുകളിലായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. എറണാകുളത്ത് നിന്ന് ട്രെയിനിൽ കയറിയ മുൻ എം.പി സെബാസ്‌റ്റ്യൻ പോളിനെ ശല്യം ചെയ്‌തതിനെ തുടർന്നാണ് ഡെപ്യൂട്ടി ചീഫ് ടിക്കറ്റിംഗ് എക്‌സാമിനർ അനിൽ ജി നായർ എത്തി അഭിരാജിനെ ചോദ്യം ചെയ്തത്. തുടർന്ന് തിരിച്ചറിയൽ കാർഡ് ചോദിച്ചെങ്കിലും കൈയിലില്ലെന്ന് പറഞ്ഞ അഭിരാജ് പരസ്‌പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. ഇതോടെയാണ് ഇയാളുടെ പെരുമാറ്റത്തിൽ പൊലീസിന് പന്തികേട് തോന്നുന്നത്. തുടർന്ന് ലഹരി ഉപയോഗിച്ചുണ്ടോ എന്ന ചോദ്യത്തിന് ഉപയോഗിക്കുക മാത്രമല്ല, തന്റെ കൈവശമുണ്ടെന്നും ഇയാൾ മറുപടി നൽകി. തുടർന്നായിരുന്നു നായയെ എത്തിച്ച് പരിശോധിച്ചത്. 16 കിലോ കഞ്ചാവാണ് അഭിരാജിൽ നിന്ന് പൊലീസ് പിടികൂടിയത്.ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്തു നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.തലസ്ഥാനം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയ്ക്ക് കൂടുതൽ കണ്ണികൾ ഉണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എസ്.ഐ അനിൽകുമാർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
തലസ്ഥാനത്തു കഞ്ചാവ് വിൽപ്പന അനിയന്ത്രിതമായി വർധിച്ചുവരുകയാണ്. ഇവ കൂടുതലായും കടത്തുന്നത് ട്രെയിൻ മാർഗമാണ്. അടുത്തിടെ ധന്‍ബാദ് എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. ജനറല്‍ കംപാര്‍ട്ട്മന്റെില്‍ പാക്കറ്റുകളിലാക്കി സീറ്റുകള്‍ക്കടിയിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ സ്വർണവും 16 കിലോ കഞ്ചാവും പിടികൂടിയിരുന്നു . രണ്ട് കോഴിക്കോട് സ്വദേശികള്‍ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം, തൃശ്ശൂർ സ്വദേശി കടത്തിയ കഞ്ചാവ് എന്നിവ ആർ പി എഫ് കുറ്റാന്വേഷണ വിഭാഗമാണ് പിടികൂടിയത്. ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച 12 കിലോ കഞ്ചാവ് എക്സൈസ് അടുത്തിടെ പിടികൂടിയിരുന്നു . ശങ്കർ ഗണേഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത് . സേലത്ത് നിന്നും കടത്തിയതാണ് കഞ്ചാവ് എന്നാണ് പൊലീസിന് കിട്ടിയ വിവരം. മയക്കുമരുന്ന് ടാബ്‍ലറ്റുകളും കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ട് യുവാക്കൾ പിടിയിലായി . തിരൂർ ആലിൻചുവട് സ്വദേശികളായ വെട്ടുകാട്ടിൽ മുഹമ്മദ് ഹജ്‌സർ തയ്യിൽ പറമ്പിൽ മുഹമ്മദ് നിഷാദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 380 ഓളം മാരകശേഷിയുള്ള മെട്രോ സിപാം ടാബ്‍ലറ്റുകളും മൂന്ന് കിലോഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. കീലോകണക്കിന് കഞ്ചാവാണ് ഇത്തരത്തിൽ പല മാർഗങ്ങളിലായി ദിവസേന കടത്തുന്നത്.
https://www.facebook.com/Malayalivartha

























