2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു നടത്തരുത്; വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു നടത്താനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം റദ്ദാക്കി ഹൈക്കോടതി . 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടി തയാറാക്കിയ വോട്ടർപട്ടികയിൽ 2020 ഫെബ്രുവരി 7 വരെ ചേർത്ത പേരുകൾകൂടി ഉൾപ്പെടുത്തി വോട്ടർപട്ടിക തയാറാക്കാനും അതനുസരിച്ചു തിരഞ്ഞെടുപ്പു നടത്താനും കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി . ഉചിതമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൊള്ളാമെന്നും കോടതി അറിയിപ്പ് നൽകി
2015 വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി പുറത്തുവന്നത്. തീരുമാനം പുനഃപരിശോധിക്കാൻ കഴിയുമോ എന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ചാൽ തീരുമാനം പുനഃപരിശോധിക്കാൻ തയാറാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു . 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നൽകിയ ഹർജി സിംഗിൾബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വെളിപ്പെടുത്തി . കോടതി ഉത്തരവ് കിട്ടിയശേഷം ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടിച്ചേർത്തു . കോടതി നടപടി തിരിച്ചടിയല്ലെന്നും കമ്മിഷൻ വ്യക്തമാക്കി. സർക്കാര്‍ അപ്പീൽ നൽകില്ലെന്നും തീരുമാനമെടുക്കേണ്ടത് കമ്മിഷനാണെന്നും തദ്ദേശ മന്ത്രി എ.സി. മൊയ്തീൻ പ്രതികരിച്ചു സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും തദ്ദേശ വാർഡുകൾ വിഭജിക്കാനുള്ള ബില്ല് നിയമസഭ പാസാക്കി കഴിഞ്ഞുവെന്നും ഇനി ഗവർണറുടെ അനുമതി ലഭിക്കാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി ആകരുതെന്ന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ തള്ളിയിരുന്നു. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനൊപ്പം പുതുതായി പേരു ചേർക്കാൻ 3 അവസരം നൽകുമെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























