ഇരയെന്ന നിലയിലല്ല സ്ത്രീയെന്ന നിലയിലും പരാതിക്കാരിയെന്ന നിലയിലും കിട്ടേണ്ട അവകാശങ്ങളോ പരിഗണനയോ നീതിയോ കിട്ടിയിട്ടില്ല; സഭയ്ക്ക് പിന്നാലെ പൊലീസും തന്നെ ചതിച്ചു: കോഴിക്കോട് ചേവായൂരില്‍ സിറോ മലബാര്‍ സഭയിലെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്

കോഴിക്കോട് ചേവായൂരില്‍ സിറോ മലബാര്‍ സഭയിലെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. സഭയ്ക്ക് പിന്നാലെ പൊലീസും തന്നെ ചതിച്ചുവെന്നും കുറ്റാരോപിതനായ മനോജ് പ്ളാക്കൂട്ടത്തില്‍ എന്ന വൈദികനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വീട്ടമ്മ തുറന്നടിച്ചു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോടാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ നടത്തിയത്. സഭക്കും പൊലീസിനും എതിരെ ഗുരുതരമായ ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് വീട്ടമ്മയും ബന്ധുക്കളും ആരോപിക്കുന്നത്. ബിഷപ്പിനെതിരെ മൊഴി നൽകിയതോടെയാണ് കേസ് അട്ടിമറിക്കാൻ പൊലീസ് ബോധപൂര്‍വ്വം ഇടപെടൽ നടത്തിയത്. ഇരയെന്ന നിലയിലല്ല സ്ത്രീയെന്ന നിലയിലും പരാതിക്കാരിയെന്ന നിലയിലും കിട്ടേണ്ട അവകാശങ്ങളോ പരിഗണനയോ നീതിയോ കിട്ടിയിട്ടില്ലെന്നാണ് വീട്ടമ്മയുടെ തുറന്ന് പറച്ചിൽ.
വൈദികനെതിരെയുള്ള തന്റെ പരാതി താമരശ്ശേരി രൂപതാ ബിഷപ്പ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് താന്‍ മൊഴി നല്‍കിയതോടെയാണ് പൊലീസ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെന്നും വിദേശ മലയാളി കൂടിയായ വീട്ടമ്മ വെളിപ്പെടുത്തി. പണം നൽകാത്തതിനാൽ കള്ളക്കേസ് കൊടുത്തെന്നാണ് നിലവിൽ അപവാദ പ്രചരണം നടത്തുന്നത്. ബിഷപ്പിന്‍റെ പേര് പുറത്ത് പറഞ്ഞതോടെയാണ് കേസിൽ അട്ടിമറി ശ്രമം തുടങ്ങിയതെന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് ആരോപിച്ചു. കേസ് രണ്ടായി രജിസ്റ്റര്‍ ചെയ്യാമെന്ന നിലപാടിലേക്ക് പൊലീസ് എത്തിയത് ബിഷപ്പിനെതിരായി മൊഴി നൽകിയതോടെയാണ്. കേസ് നിൽക്കില്ലെന്ന് പറഞ്ഞ പൊലീസ് കേസ് ഒതുക്കാൻ വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിച്ചു. കേസ് ഒതുക്കാൻ ഇപ്പോഴും സഭ ശ്രമിക്കുകയാണെന്നും വീട്ടമ്മയുടെ ഭര്‍ത്താവ് ആരോപിച്ചു. ഇരയായ തന്റെ ഭാര്യ പരാതിയുമായി സമീപിക്കുമ്പോൾ വേണ്ട പരിഗണന തങ്ങള്‍ക്ക് ലഭിച്ചില്ല എന്ന് വീട്ടമ്മയുടെ ഭര്‍ത്താവും പ്രതികരിച്ചു. തങ്ങളെ എക്സ്പോസ് ചെയ്യുന്ന രീതിയിലാണ് പൊലീസ് മൊഴിയെടുത്തതെന്നും പ്രതികളുടെ മുന്‍പില്‍ വച്ചാണ് പൊലീസുകാര്‍ ഇത് ചെയ്തതെന്നും ഭര്‍ത്താവ് പറയുന്നു.
സിറോ മലബാര്‍ സഭയിലെ വൈദികനായ മനോജ് പ്ലാക്കൂട്ടത്തില്‍ കോഴിക്കോട്ടെ വീട്ടിലെത്തി ബലാല്‍സംഗം തന്നെ ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഡിസംബര്‍ 4നാണ് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. ഭർത്താവ് വിദേശത്തും മക്കൾ ഹോസ്റ്റലിലുമായതിനാൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ഭർത്താവിൻ്റെ സുഹൃത്ത് എന്ന രീതിയിലാണ് വൈദികൻ സമീപിച്ചതെന്നും തുടർന്ന് വൈദികൻ ഇവരെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം വിവരം പുറത്തു പറഞ്ഞാൽ കുടുംബം തകർക്കുമെന്ന് പറഞ്ഞ് വൈദികൻ ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ വെളിപ്പെടുത്തിരുന്നു. സംഭവത്തിൽ താമരശ്ശേരി രൂപതയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നായിരുന്നു രണ്ട് വർഷത്തിനു ശേഷം യുവതി പോലീസിൽ പരാതി നൽകിയത്. 2017 ജൂണ്‍ 15ന് നടന്ന സംഭവത്തെക്കുറിച്ച് സഭയുടെയും ബിഷപ്പിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താന്‍ പുറത്തുപറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നല്‍കിയിരുന്നു.
യുവതിയുടെ ബലാത്സംഗ പരാതി പുറത്തു വന്നതിനു പിന്നാലെ വികാരി സ്ഥാനത്തു നിന്നും സഭയുടെ മറ്റു ചുമതലകളിൽ നിന്നും വൈദികനെ രൂപത നീക്കിയിരുന്നു. തിരുവനന്തപുരത്തേയ്ക്ക് ഉപരിപഠനത്തിനായി പോയ ഇയാള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവിൽ പോയിരുന്നു. പ്രതിയായ വൈദികന്‍ മനോജ് പ്ലാക്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha

























