ദേശമംഗലം കൊറ്റമ്പത്തൂര്‍ വനത്തില്‍ കാട്ടു തീയണയ്ക്കാന്‍ പോയ ഫോറസ്റ്റ് വാച്ചര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടുമടങ്ങിയ വയോധികന് ഹൃദയാഘാതം മൂലം മരിച്ചു
ദേശമംഗലം കൊറ്റമ്പത്തൂര്‍ വനത്തില്‍ കാട്ടു തീയണയ്ക്കാന്‍ പോയ ഫോറസ്റ്റ് വാച്ചര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടുമടങ്ങിയ വയോധികന് ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ചാത്തന്‍ചിറ കോളനിയില്‍ കണ്ണങ്ങത്ത് വീട്ടില്‍ അയ്യപ്പന്(68) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ കുഴഞ്ഞുവീണ അയ്യപ്പനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.അയല്‍ക്കാരായ വേലായുധനും അയ്യപ്പനും ആത്മ മിത്രങ്ങളായിരുന്നു. ദേശമംഗലം കൊറ്റമ്ബത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് വേലായുധന് വെന്തുനീറിയെന്ന് ടി.വി ചാനലുകളില്‍ തെളിഞ്ഞപ്പോള്‍ അയ്യപ്പന് ഒരു നിമിഷം ഹൃദയം നിലച്ചപോലെയായി.
അയ്യപ്പന് ഒരു വര്‍ഷം മുന്‍പ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ഒരു ദിവസം കണ്ടില്ലെങ്കില്‍ പരസ്പരം അന്വേഷിക്കും. കുശലം പറഞ്ഞ് ഒരുമിച്ചുള്ള നടത്തം മുടങ്ങിയാല്‍ ഇരുവര്‍ക്കും വിഷമമാണ്. രണ്ടുപേരും അത്ര നല്ല സുഹൃത്തുക്കളായിരുന്നു.
https://www.facebook.com/Malayalivartha