മുൻവിരോധത്തിന്റെ പേരിൽ പാഴായിലെ ബന്ധുവീട്ടില്‍ വന്ന നാലുവയസുകാരിയെ പുഴക്കടവിലേക്ക് കൂട്ടിക്കൊണ്ടുപോയി വായും മൂക്കും പൊത്തി പുഴയിലേക്ക് എറിഞ്ഞുകൊന്നു; ഒല്ലൂര്‍ സ്വദേശി ഷൈലജയ്ക്ക് ജീവപര്യന്തം ശിക്ഷയും, 50000 രുപ പിഴയും

രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തൃശൂര്‍ പാഴായിയില്‍ നാല് വയസുകാരിയെ പുഴയില്‍ മുക്കി കൊന്ന കേസില്‍ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷ. 50000 രുപ പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി ശിക്ഷ അനുഭവിക്കണമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെഷല്‍സ് ജഡ്ജി സോഫി തോമസ് ശിക്ഷവിധിച്ചു. കേസിലെ പ്രധാനസാക്ഷികളായ കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്തായിരുന്നു. ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണ നടത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം വിചാരണ.
2016 ഓക്ടോബര്‍ 13 നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ സ്വദേശി രഞ്ജിത്തിന്റെയും പാഴായി സ്വദേശിനി നീഷ്മയുടേയും മകള്‍ മേഭയെ മണലിപുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വഷണത്തിലാണ് കുട്ടിയുടെ അമ്മായി ഷൈലജ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
മേഭയുടെ വീട്ടുകാരുമായി ഷൈലജക്ക് മുന്‍വിരോധമുണ്ടായിരുന്നു. പാഴായിലെ ബന്ധുവീട്ടില്‍ വന്ന മേഭയെ പുഴക്കടവിലേക്ക് കൂട്ടിക്കൊണ്ടുപോയി വായും മൂക്കും പൊത്തി പുഴയിലേക്ക് എറിയുകയായിരുന്നു. മേഭയുടെ അച്ഛന്‍ രഞ്ജിത്ത്കുമാര്‍ ആസ്ട്രേലിയയിലെ മെല്‍ബണില്‍ എന്‍ജിനിയറാണ്. നീഷ്മയുടെ അച്ഛന്‍ മുരളീധരന്റെ സഹോദരന്‍ മോഹന്‍ദാസിന്റെ സഞ്ചയനത്തിന് രഞജിത്ത്കുമാറും കുടുംബവും പാഴായില്‍ എത്തിയിരുന്നു. ഷൈലജയും ചടങ്ങിന് എത്തിയിരുന്നു. അന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
മേഭയുടെ സ്വര്‍ണഅരഞ്ഞാണം കാണാതായിരുന്നു. ഇത് ഷൈലജ മോഷ്ടിച്ചതാണെന്ന് കുട്ടിയുടെ വീട്ടുകാര്‍ പലരോടും പറഞ്ഞു. ഷൈലജയെ ഒരിക്കല്‍ പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് വീട്ടില്‍ കയറരുതെന്ന് നീഷ്മയുടെ വീട്ടുകാര്‍ താക്കീതും നല്‍കിയിരുന്നു. ഈ വിരോധമാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ഷൈലജയെ പ്രേരിപ്പിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം വീട്ടുകാരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ബംഗാളികള്‍ കുട്ടിയെ എടുക്കുന്നതായി കണ്ടുവെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ അരമണിക്കൂറിനുശേഷം മൃതദേഹം കണ്ടെത്തി. കേസില്‍ 38 സാക്ഷികളാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























