ഓടുന്ന ട്രെയിനിൽ ടിക്ടോക് വിഡിയോ എടുക്കാൻ ശ്രമം; കൈ വിട്ട് താഴെ പോയി; യുവാവിന് നിർദേശവുമായി റെയിൽവേ

ഓടുന്ന ട്രെയിനിൽ അഭ്യാസപ്രകടനം. യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.. ‘ട്രെയിൻ സ്റ്റണ്ടി’ന്റെ ഭാഗമായി ടിക്ടോക് വിഡിയോ എടുക്കാനുള്ള ശ്രമത്തിനിടെ കൈ വിട്ട് പോകുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽക്കമ്പികളിൽ പിടിച്ച് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കൈവഴുതി പോകുകയായിരുന്നു. പിടിവിട്ട് പുറത്തേക്കു വീണ യുവാവിന്റെ തല ട്രെയിനിന് അടിയിലേക്കു പോയെങ്കിലും കോച്ചിന്റെ വശത്തു തട്ടി പാളത്തിനു പുറത്തേക്ക് വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടായിരുന്നു ട്രെയിൻ ചക്രങ്ങൾ ശരീരത്തിൽ കയറാതെ രക്ഷപ്പെടുകയായിരുന്നു . അപകടം കണ്ട് ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന യാത്രക്കാരെയും വിഡിയോയിൽ കാണാൻ സാധിക്കും.
വിഡിയോ പുറത്തു വന്നതോടെ യുവാവിനെ വിമർശിച്ച് ആളുകൾ രംഗത്ത് എത്തി. ഇന്ത്യൽ റെയിൽവേ ഔദ്യോഗിക ട്വിറ്റർ പേജിൽ വിഡിയോ പങ്കുവച്ച് യുവാവിന് നിർദേശങ്ങൾ നൽകുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്ന് ഇറങ്ങുന്നത് അപകടകരമാണ്. ഒരു സ്റ്റണ്ട് കണ്ടുനിൽക്കുന്നത് രസകരമായിരിക്കാം, എന്നാൽ ഭാഗ്യമെപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാവില്ല. ദയവായി ഇത് ചെയ്യരുത്, മറ്റുള്ളവരെ ഇത് ചെയ്യാൻ അനുവദിക്കുകയുമരുത്. ജീവിതം അമൂല്യമാണ്. ഇത്തരം അഭ്യാസ പ്രകടനങ്ങൾ വഴി നിങ്ങളുടെ ജീവൻ അപകടപ്പെടുത്തരുത് എന്ന നിർദേശമാണ് വിഡിയോ പങ്കുവച്ചു കൊണ്ട് റെയിൽവേ അധികൃതർ കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























