പെരിയവരൈ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥന്റെ വീടിനുള്ളില്‍ രാത്രി കുട്ടിയാന കയറി; അമ്മയും മകനും 3 മണിക്കൂര്‍ മുള്‍മുനയില്‍

മൂന്നാര്‍ പെരിയവരൈ എസ്റ്റേറ്റിലെ അസിസ്റ്റന്റ് ഫാക്ടറി ഓഫിസര്‍ ആകാശ് സാജുവിന്റെ വീടിന്റെ കതക് പൊളിച്ച് കാട്ടാനക്കൂട്ടത്തിലെ കുട്ടിയാന രാത്രി ഉള്ളില്‍ കയറി. കിടപ്പുമുറിയില്‍ അമ്മയും മകനും ഭയന്നു വിറച്ച് കഴിഞ്ഞത് 3 മണിക്കൂര്‍.
ഒരു കൊമ്പനും 2 പിടിയാനകളും ഒരു കുട്ടിയാനയും പുലര്‍ച്ചെ 3 മണിയോടെയാണ് വീടിന്റെ മുന്നിലെത്തിയത്. വീടിന്റെ മുന്നിലെ മുറിയിലാണ് മകന്‍ ആകാശ് കിടന്നുറങ്ങിയിരുന്നത്. ആനക്കുട്ടി വാതിലില്‍ ഇടിച്ചതോടെ വാതിലിന്റെ കുറ്റി പോയി .
ഇതോടെ ആനക്കുട്ടി ഉള്ളിലേക്കു കയറി. ആനക്കുട്ടിയെ കണ്ട ആകാശ് അമ്മ ഷൈനി കിടന്നിരുന്ന മുറിയിലേക്കു കയറി കതകടച്ചു. ബലത്തിനായി അലമാരയും കട്ടിലുമെല്ലാം വാതിലിനോടു ചേര്‍ത്തുവച്ചു.
കാട്ടാനക്കുട്ടി ഉള്ളില്‍ കടന്നതോടെ പരിഭ്രാന്തരായ ആനകള്‍ വാതില്‍ ഭാഗത്തെത്തി തുമ്പിക്കൈ കൊണ്ട് മുറിക്കുള്ളിലെ ടിവി വലിച്ചെടുത്തു. പിന്നാലെ മേശയും കസേരയും. വീടിന്റെ മുന്നില്‍ നിര്‍ത്തിയിരുന്ന ബൈക്കും ചവിട്ടി നശിപ്പിച്ചു. അയല്‍വാസിയുടെ സ്‌കൂട്ടറും തകര്‍ത്തു. കാട്ടാനക്കൂട്ടം 5.50-ന് തിരികെപ്പോയതോടെയാണ് അമ്മയുടേയും മകന്റേയും ഭീതിയൊഴിഞ്ഞത്.
https://www.facebook.com/Malayalivartha


























