കൊടുവാളുമായി പൊലീസ് ക്വാര്‍ട്ടേഴ്‌സിലെത്തി മേലുദ്യോഗ സ്ഥനെ ഭീഷണിപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

കുഴല്‍മന്ദം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് കുമാറിന് സസ്‌പെന്‍ഷന്‍. കൊടുവാളുമായി പൊലീസ് ക്വാര്‍ട്ടേഴ്‌സിലെത്തി സ്‌പെഷല്‍ എസ്‌ഐക്കു നേരെ ഭീഷണി മുഴക്കുകയും പിന്നീട് ആത്മഹത്യാശ്രമം നടത്തുകയും ചെയ്തതിനാണ് സസ്‌പെന്‍ഷന്‍. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം.
പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ഇരുവരും താമസം. കൊടുവാളുവായി എത്തി സ്‌പെഷല്‍ എസ്‌ഐ കെ.ജയപ്രകാശനു നേരെ ആക്രോശിച്ച ശേഷം സന്തോഷ് കുമാര്‍ തന്റെ ക്വാര്‍ട്ടേഴ്‌സില്‍ കയറി കതകടച്ച് ഗ്യാസ് കുറ്റി മറിച്ചിട്ട് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും സിഐ ഇ.പി. രാമദാസ് അടക്കം പൊലീസും എത്തിയതോടെ സന്തോഷ് കുമാര്‍ ക്വാര്‍ട്ടേഴ്‌സിന്റെ പിറകിലൂടെ ഓടി രക്ഷപ്പെട്ടു.
എസ്‌ഐയുടെ ജോലി തടസ്സപ്പെടുത്തിയതിനും ആത്മഹത്യാ ശ്രമം നടത്തിയതിനും സിപിഒയ്‌ക്കെതിരെ കേസെടുക്കുമെന്ന് സിഐ പറഞ്ഞു.
രാത്രി എട്ടോടെ ജില്ലാ പൊലീസ് മേധാവി ഇടപെട്ടാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മേയില്‍ കണ്ണാടി കിണാശേരി സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ തേങ്കുറുശ്ശിയില്‍ നഷ്ടപ്പെട്ടിരുന്നു. ഈ മൊബൈല്‍ ഫോണ്‍ സന്തോഷ് കുമാറിനു ലഭിക്കുകയും അദ്ദേഹം ഉപയോഗിക്കുകയും ചെയ്തു.ഇതു സംബന്ധിച്ച് ഈ മാസം 12-ന് സിഐ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നില്‍ സ്‌പെഷല്‍ എസ്‌ഐ ആണെന്നാണ് സന്തോഷ് കുമാറിന്റെ സംശയം. ഇതിലുള്ള വിരോധം കാരണമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha


























