ഇടുക്കി ജില്ലയ്ക്ക് വിഷുക്കൈനീട്ടമായി വനിതാ പൊലീസ് സ്റ്റേഷന്‍

ഇടുക്കി ജില്ലയിലെ ആദ്യ വനിത പൊലീസ് സ്റ്റേഷന്‍ വിഷു ദിനത്തില്‍ ജില്ലാ പൊലീസ് ആസ്ഥാനത്തോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒരു വനിത സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, ഒരു വനിത എസ്‌ഐ, 5 വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, 10 വനിത സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവരെ പുതിയ വനിത പൊലീസ് സ്റ്റേഷനിലേക്ക് നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഉദ്ഘാടനം വൈകിയതിനു കാരണം കോവിഡ് നിയന്ത്രണങ്ങളാണ്. പൈനാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്തോട് ചേര്‍ന്ന് ഭാഗികമായി നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2 ദിവസത്തിനുള്ളില്‍ അവസാനവട്ട നിര്‍മാണം പൂര്‍ത്തിയാകും. പുതിയ സ്റ്റേഷനിലേക്ക് വാഗമണ്‍, ഇടുക്കി, മുരിക്കാശേരി, കുളമാവ്, വണ്ടിപ്പെരിയാര്‍, അടിമാലി, കഞ്ഞിക്കുഴി, തങ്കമണി പൊലീസ് സ്റ്റേഷനുകളിലെ വനിത പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ച് ജില്ലാ പൊലീസ് മേധാവി പി.കെ.മധു ഉത്തരവിറക്കി. കോവിഡ് മാര്‍ഗ നിര്‍ദേശ ഭാഗമായി ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെയാണ് വനിത പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയാണ് വനിതാ സ്റ്റേഷന്‍ അടിയന്തരമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദേശമെത്തിയത്. 2 ദിവസത്തിനുള്ളില്‍ പുതിയ വനിത സ്റ്റേഷന്റെ പ്രവര്‍ത്തനം തുടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്ന് എഎസ്പി എന്‍.രാജന്‍ അറിയിച്ചു. സ്ത്രീകളുടെ പരാതികളും, മറ്റു പ്രശ്‌നങ്ങളും വനിത പൊലീസ് സ്റ്റേഷനിലൂടെ പരിഹരിക്കും. ഇതിനു പുറമേ 24 മണിക്കൂറും വനിത പൊലീസ് നേരിട്ട് ടൗണുകളില്‍ പട്രോളിങ് നടത്തും. ഇതിനായി വാഹനങ്ങളും വിട്ടു നല്‍കും. സംസ്ഥാനത്ത് 4 വനിത പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാനായിരുന്നു തീരുമാനം പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് വനിതാ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ ഈ ജില്ലകളില്‍ വനിതാ സ്റ്റേഷന്‍ ഇല്ല.
സംസ്ഥാനത്ത് നിലവില്‍ 10 വനിതാ പൊലീസ് സ്റ്റേഷനുകളാണുള്ളത്. ഓരോ സ്റ്റേഷനിലും 19 തസ്തിക വീതം ആകെ 76 തസ്തിക സൃഷ്ടിക്കും. വനിത സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെ ഇവിടെ നിയോഗിക്കും. ഇതില്‍ 20 എണ്ണം പുതുതായി സൃഷ്ടിച്ചതും 56 എണ്ണം പുനര്‍വിന്യാസം വഴി കണ്ടെത്തിയതുമാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു സബ് ഇന്‍സ്‌പെക്ടര്‍, 5 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 10 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാണ് തസ്തികകള്‍. ജില്ലകളിലെ വനിത സെല്‍, റിസര്‍വ്, ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നാണ് തസ്തിക പുനര്‍ വിന്യസിക്കുന്നത്.
തോട്ടം മേഖല കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും, പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നെടുങ്കണ്ടം കേന്ദ്രമാക്കി വനിത പൊലീസ് സ്റ്റേഷന്‍ തുടങ്ങുന്നു. വിജ്ഞാപനം ഇറങ്ങിയാലുടന്‍ നെടുങ്കണ്ടത്തും വനിതാ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കും. ജില്ലയില്‍ രണ്ടാമത്തെ വനിത പൊലീസ് സ്റ്റേഷനാണ് നെടുങ്കണ്ടത്തേത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി എം.എം.മണി അറിയിച്ചു.
https://www.facebook.com/Malayalivartha



























