ഓക്‌സിജന്‍ തീര്‍ന്ന് വൃക്കരോഗി ആംബുലന്‍സില്‍ മരിച്ചെന്ന് ബന്ധുക്കള്‍

ഇടുക്കി പെരുവന്താനം രണ്ടുതയ്യില്‍ ഹൗസില്‍ പി.ആര്‍.ബാലചന്ദ്രന്റെ വൃക്കരോഗിയായ മകന്‍ ബിനീഷ് ബാലചന്ദ്രനെ (30) ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിലെ ഓക്‌സിജന്‍ തീര്‍ന്നതു മൂലം രോഗം മൂര്‍ച്ഛിച്ച് മരിച്ചെന്നു പരാതി. പുനലൂര്‍ ഐക്കരക്കോണത്ത് വാടകയ്ക്കു താമസിച്ചിരുന്ന ബിനീഷിന് ശനിയാഴ്ച പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് നടത്തിയിരുന്നു.
അന്നു പുലര്‍ച്ചെ സ്ഥിതി മോശമായതിനാല്‍ ഐസിയുവിലേക്കു മാറ്റി. രാവിലെ 8 മണിയോടെ ഈ ആശുപത്രിയിലെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. മൂന്നു കിലോമീറ്ററോളം സഞ്ചരിച്ചപ്പോള്‍ ഓക്‌സിജന്‍ തീരുകയും രോഗിയുടെ സ്ഥിതി വഷളാവുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവര്‍ ആംബുലന്‍സ് തിരിച്ചു വിട്ടു.
പിന്നീട് മറ്റൊരു ആംബുലന്‍സ് വരുത്തി രോഗിയെ അതില്‍ കയറ്റി തിരുവനന്തപുരത്തേക്ക് വിടുകയായിരുന്നു. അവിടെയെത്തി ഡോക്ടര്‍ പരിശോധിച്ചെങ്കിലും മരിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരിശോധനയ്ക്കു താമസം നേരിട്ടതായും പരാതിയുണ്ട്. മൃതദേഹം അന്നു തന്നെ നാട്ടില്‍ സംസ്‌കരിച്ചു.
ഇന്നലെയാണ് ബിനീഷിന്റെ പിതാവ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, മന്ത്രി കെ. രാജു, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു പരാതി നല്‍കിയത്. 4 വര്‍ഷമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലാണ് ഡയാലിസിസ് നടത്തിയിരുന്നത്. ഓമനയാണ് ബിനീഷിന്റെ മാതാവ്. സഹോദരി: ബിന്ധ്യ.
ആരുടെയെങ്കിലും ഭാഗത്തു പിഴവു സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും സംഭവത്തെപ്പറ്റി ആരോഗ്യവകുപ്പ് സമഗ്രമായ അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കൂടിയായ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.ഷാഹിര്‍ഷ പറഞ്ഞു.
https://www.facebook.com/Malayalivartha


























