പ്രത്യേക കോവിഡ് ഓപ്പറേഷന്‍ തിയറ്ററുമായി മഞ്ചേരി മെഡിക്കല്‍ കോളജ്

ലോകാരോഗ്യ സംഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി സജ്ജമാക്കിയ ആദ്യ കോവിഡ് 19 നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തിയറ്റര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്തെ ഇത്തരത്തിലെ ആദ്യത്തെ ഈ തിയറ്ററിന്റെ അകത്ത് രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമിടയില്‍ വായുവിലൂടെയുള്ള അണുബാധ തടയാന്‍ സഹായിക്കുന്ന സംവിധാനമുണ്ട്.
മണിക്കൂറില്‍ 17 തവണ വായുമാറ്റം (എയര്‍ചേഞ്ച്) സാധ്യമാകും. 275 സിഎഫ്എം (ക്യൂബിക് ഫീറ്റ് പെര്‍ മിനിറ്റ്), 35 മില്ലിമീറ്റര്‍ ഓഫ് വാട്ടര്‍ കോളം (35 എംഎംഡബ്ല്യുസി) എന്നിങ്ങനെയാണ് തിയറ്ററിലെ നെഗറ്റീവ് പ്രഷര്‍. ഹെപ്പ ഫില്‍റ്റര്‍ സംവിധാനം ഉപയോഗിച്ച് തിയറ്ററിനുള്ളില്‍ 99.99% വായു ശുദ്ധീകരിക്കുകയും എക്സ്‌ഹോസ്റ്റ് വഴി അകത്തെ അണുപ്രസരണമുള്ള വായു പുറന്തള്ളുകയും ചെയ്യുന്നതാണു പ്രവര്‍ത്തനരീതി.
ഇതു കൂടുതല്‍ പ്രയോജനപ്പെടുന്നത് കോവിഡ് രോഗികള്‍ക്കും ശ്വാസകോശ സംബന്ധമായ അണുബാധ ഉള്ളവര്‍ക്കും തിയറ്റര്‍ ചികിത്സ ആവശ്യമായി വരുമ്പോഴാണ്. എയര്‍പോര്‍ട്ട് അതോറിറ്റി, അനസ്തീസിയ, ബയോ മെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗങ്ങളുടെ സഹകരണത്തോടെ മങ്കട കാസില്‍ എന്‍ജിനീയറിങ് ആണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. 4 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. പ്രിന്‍സിപ്പല്‍ ഡോ. എം.പി.ശശി ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം തിയറ്റര്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു.
https://www.facebook.com/Malayalivartha


























