പാലക്കാട് ജില്ലയ്ക്ക് തെര്‍മല്‍ ബോഡി സ്‌ക്രീന്‍ സ്‌കാനര്‍; ഷാഫി പറമ്പില്‍ 8 ലക്ഷം അനുവദിച്ചു

നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്ത് വാളയാര്‍ ചെക്‌പോസ്റ്റ് വഴിയും റെയില്‍വേ സ്റ്റേഷന്‍ വഴിയും പാലക്കാട് ജില്ലയിലൂടെ കേരളത്തിലേക്ക് പ്രവേശിക്കുന്നവരുടെ പ്രാഥമിക ആരോഗ്യ പരിശോധന വേഗത്തിലും അനായാസവുമായി നടത്തുന്നതിന് ഉപകരിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ തെര്‍മല്‍ ബോഡി സ്‌ക്രീന്‍ സ്‌കാനര്‍ വാങ്ങാന്‍ 8 ലക്ഷം രൂപ ഷാഫി പറമ്പില്‍ എംഎല്‍എ അനുവദിച്ചു.
മെഷീന്‍ ക്യാബിനിലൂടെ ഒരേ സമയം 10 പേര്‍ക്ക് കടന്നുപോകാം. ഓരോരുത്തരുടെയും ശരീരോഷ്മാവ് പ്രത്യേകം പരിശോധിച്ച് യന്ത്രത്തിന്റെ ഡിജിറ്റല്‍ സ്‌ക്രീനില്‍ രേഖപ്പെടുത്തും. നിര്‍മിത ബുദ്ധി സംവിധാനത്തോടെ ഫെയ്‌സ് ഡിറ്റക്ഷന്‍ (മുഖം തിരിച്ചറിയല്‍) സാധ്യമാക്കുന്ന ക്യാമറ സഹിതമുള്ളതാണ് സ്‌കാനര്‍. പരിധിയില്‍ കൂടുതല്‍ ശരീരോഷ്മാവുളളവരെ മാത്രം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മതി.
ഇപ്പോള്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനറാണ് ഉപയോഗിക്കുന്നത്. ഈ സ്‌കാനറുമായി ആരോഗ്യ പ്രവര്‍ത്തകര്‍ വളരെ അടുത്തുചെന്ന് പരിശോധിക്കുന്ന രീതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഈ രീതി സുരക്ഷ കുറഞ്ഞതും സമയം കൂടുതലെടുക്കുന്നതുമാണ്. ഇത് ഒഴിവാക്കുന്നതിനാണ് തെര്‍മല്‍ ബോഡി സ്‌ക്രീന്‍ സ്‌കാനര്‍ വാങ്ങുന്നതിന് തുക അനുവദിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സ്‌കാനര്‍ ഉടന്‍ പാലക്കാട് എത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവരോട് എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























