ബേപ്പൂര്‍ ഹാര്‍ബറിലെ മാലിന്യനീക്കത്തിനു നടപടിയായി

ബേപ്പൂര്‍ ഹാര്‍ബറില്‍ കൂടിക്കിടക്കുന്ന അജൈവ മാലിന്യം നീക്കം ചെയ്യാന്‍ നടപടി തുടങ്ങി. ആഴക്കടലില്‍ കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ചു കൂന്തല്‍ മത്സ്യം പിടിക്കാന്‍ ചില തൊഴിലാളികള്‍ വെള്ളത്തില്‍ നിക്ഷേപിച്ച കുലച്ചിലുകളും പ്ലാസ്റ്റിക് കുപ്പികളുമാണിത്.
ബോട്ടുകാര്‍ കടലില്‍ വിരിച്ച വലയില്‍ മാലിന്യം കുരുങ്ങിയപ്പോള്‍ അതെടുത്തു ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് തള്ളിയ ചണ്ടി നീക്കം ചെയ്യാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പും കോര്‍പറേഷനും നടപടിയെടുത്തിരുന്നില്ല. തന്മൂലം ജെട്ടിയില്‍ പലയിടത്തായി അജൈവ മാലിന്യം അങ്ങനെ കൂടിക്കിടന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചതോടെയാണ് മാലിന്യനീക്കത്തിനു നടപടിയായത്.
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാലിന്യം വേര്‍തിരിച്ചു സംസ്‌കരണത്തിന് അയയ്ക്കാന്‍ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി ജെട്ടിയില്‍ പലയിടത്തായി കൂട്ടിയിട്ട തെങ്ങിന്‍ കുലച്ചില്‍, പ്ലാസ്റ്റിക് കുപ്പികള്‍, ചാക്ക് എന്നിവയെല്ലാം ഒരിടത്തേക്കു ശേഖരിച്ചു വേര്‍തിരിച്ചു തുടങ്ങി.
കുലച്ചില്‍ ഹാര്‍ബര്‍ കന്റീനില്‍ കത്തിക്കാന്‍ നല്‍കാനും മറ്റുള്ളവ സംസ്‌കരണ കേന്ദ്രത്തിലേക്ക് അയയ്ക്കാനുമാണ് ധാരണ.മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായാണ് മാലിന്യ നീക്കത്തിന് പെട്ടെന്നുള്ള ഈ നടപടി.
https://www.facebook.com/Malayalivartha
























