സിപിഐ വിദ്യാര്‍ഥി നേതാവിന്റെ പിറന്നാളാഘോഷം വിവാദമായി

എഐഎസ്എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.പ്രശോഭിന്റെ ജന്മദിനാഘോഷം വിവാദമായി. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു എഐഎസ് എഫ് നേതാവിന്റെ പിറന്നാളാഘോഷം.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കാനുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ നിറയ്ക്കുന്ന ജോലി സിപിഐ യുവജനസംഘടനയായ എഐവൈഎഫാണ് ഏറ്റെടുത്തിരുന്നത്. പാക്കിങ് കേന്ദ്രത്തിലായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം. പാക്കിങ്ങിന് എത്തിയ പ്രവര്‍ത്തകരെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും വാട്‌സാപ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ അംഗങ്ങള്‍ തന്നെ പോസ്റ്റ് ചെയ്തതോടെയാണു സംഭവം പുറത്തായത്. വിവാദമായതോടെ പോസ്റ്റുകള്‍ പിന്‍വലിച്ചു. അതേസമയം, ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു പിറന്നാള്‍ ആഘോഷിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു കെ.പ്രശോഭ് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ പാക്കിങ് ജോലികള്‍ പൂര്‍ത്തിയായ ശേഷം സംഘത്തിലൊരാള്‍ കൊണ്ടുവന്ന കേക്ക് മുറിക്കുക മാത്രമാണു ചെയ്തത്. അതിനു മുന്‍പ് എല്ലാവരും കൈ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു- പ്രശോഭ് പറഞ്ഞു.
https://www.facebook.com/Malayalivartha
























