വീണ്ടും ആശങ്കയായി ഇടുക്കി അണക്കെട്ട്; ജലനിരപ്പ് കുറയുന്നുന്നില്ല; മഴ നിര്‍ത്താതെ പെയ്താല്‍ സ്ഥിതി വഷളാകും; കാലവര്‍ഷത്തിന്റെ ആദ്യത്തില്‍ തന്നെ ഡാം തുറക്കേണ്ടി വരുമോ എന്നും ആശങ്ക

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തത് വലിയ രീതിയില്‍ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 16 അടി വെള്ളമാണ് വേനല്‍ കാലത്ത് അണക്കെട്ടില്‍ കൂടുതല്‍ ഉള്ളത്. ഇടുക്കി അണക്കെട്ടില്‍ നിലവിലെ ജലനിരപ്പ് 2,344 അടിയാണ്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 40 ശതമാനത്തിനു മുകളിലാണ് ഈ ദിവസങ്ങളിലെ ജലനിരപ്പ്. വേനല്‍ കാലത്ത് ഈ നിലയില്‍ ജല നിരപ്പ് കുറയാതിരിക്കുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഈ നില തുടരുകയും മഴ ശക്തമാവുകയും ചെയ്താല്‍ കാലവര്‍ഷത്തിന്റെ ആദ്യത്തില്‍ തന്നെ ഡാം തുറക്കേണ്ടി വരുമോ എന്നാണ് ആശങ്ക. ലോക്ക്ഡൗണില്‍ ഫാക്ടറികളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞത് മൂലം വൈദ്യുതോല്‍പാദനം കുറച്ചതാണ് ഡാമില്‍ ജലനിരപ്പ് താഴാത്തതിനുള്ള പ്രധാന കാരണം.
സംസ്ഥാനത്ത് പ്രതിദിനം ശരാശരി 8.5 കോടി യൂണിറ്റ് വേണ്ടിയിരുന്നിടത്ത് ലോക്ക്ഡൗണ്‍ വന്ന ശേഷം പ്രതിദിന ഉപഭോഗം 7 കോടി യൂണിറ്റായി ചുരുങ്ങി. കാലവര്‍ഷം ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്നും ശക്തമാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ജൂണ്‍ അവസാനത്തോടെ ഡാം നിറഞ്ഞേക്കും. ചെറുഡാമുകളില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം കുറച്ച് ഇടുക്കിയില്‍ ഉത്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി, എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നും അധിക ജലം കാലവര്‍ഷം എത്തും മുന്‍പ് ഒഴുക്കി കളയണം എന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ലോക്ക് ഡൗണിന് മുമ്പ് പ്രതിദിനം ശരാശരി 8.5 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യം വന്നിരുന്നത്. എന്നാല്‍ ഒന്നര മാസമായി പ്രതിദിന ഉപഭോഗം 7 കോടി യൂണിറ്റ് മാത്രം. ഇതില്‍ കേരളത്തിന് പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതി 4.8 കോടി. ഇത് വേണ്ടെന്ന് വച്ച് സംസ്ഥാനത്ത് വൈദ്യുതോല്‍പ്പാദനം കൂട്ടാമെന്ന് വച്ചാലും സാധ്യമല്ല. ലോക്ക് ഡൗണിന് മുമ്പേയുണ്ടാക്കിയ കരാര്‍ കെഎസ്ഇബിയ്ക്ക് ലംഘിക്കാനാവില്ല. കാലവര്‍ഷം ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്നും ശക്തമാകുമെന്നുമാണ് കാലാവസ്ഥ പ്രവചനം. ഇങ്ങിനെ വന്നാല്‍ ജൂലൈയില്‍ ഡാം നിറഞ്ഞേക്കും. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ചെറുഡാമുകളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം കുറച്ച് ഇടുക്കിയില്‍ ഉത്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. പക്ഷേ ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമെന്നത് തിരിച്ചടിയാകുന്നു.
അതേസമയം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ ആറ് മണിക്ക് തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. മൂന്ന് ഷട്ടറുകളാണ് 20 സെ.മീ വീതം തുറക്കുന്നത്. 42.00 മീറ്ററാണ് മലങ്കര ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.
അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആയിരിക്കും. കേരള തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് നിര്‍ദ്ദേശമുണ്ട്.
വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു.
https://www.facebook.com/Malayalivartha
























