അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ക്ക് മാത്രം യാത്രാ അനുമതി; വീണ്ടും കേരളത്തില്‍ ഒരു അടച്ചിടല്‍ കൂടി; ഇന്നത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ കേരളത്തില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഞായറാഴ്ച വാഹനങ്ങള്‍ക്കൊന്നും തന്നെ നിരത്തിലിറക്കാന്‍ അനുമതിയില്ല. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ചരക്ക് വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്കു പോകുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. പാല്‍ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കുമല്ലാതെ ആളുകളെ ഒത്തുകൂടാന്‍ അനുവദിക്കില്ല.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ പ്രവര്‍ത്തിക്കും. മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട ഉത്പാദന, സംസ്‌കരണ ശാലകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. പുരോഹിതര്‍ക്ക് ആരാധനാലയങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്കു പോകാം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന റോഡുകളില്‍ ഞായറാഴ്ചയും നിയന്ത്രണം തുടരും. പുലര്‍ച്ചെ അഞ്ചുമുതല്‍ രാവിലെ പത്തുവരെയാണു നിയന്ത്രണം. ഈ സമയപരിധിയില്‍ അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും അടിയന്തരാവശ്യത്തിനു പോകുന്ന വാഹനങ്ങള്‍ക്കും റോഡുകളില്‍ നിയന്ത്രണമുണ്ടാവില്ല. മറ്റുള്ളവര്‍ അടിയന്തരാവശ്യങ്ങള്‍ക്ക് യാത്രചെയ്യാന്‍ പോലീസ് പാസ് വാങ്ങണം.
അതേസമയം ആളുകള്‍ നടന്നും സൈക്കിളിലും പോകാനും അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ഡെലിവറി രാത്രി 10 വരെ അനുവദിക്കും.
"
https://www.facebook.com/Malayalivartha
























