കൊവിഡ് കാലത്തും മൂന്നാം പ്രളയമുണ്ടാകുമോ; ഇടുക്കി നിറഞ്ഞു; ആശങ്കയായി പെരിയാര്‍; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ...

കൊവിഡ് നിയന്ത്രണവിധേയമാകും മുന്‍പ് അതിവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കുമ്പോള്‍ വലിയ ആശങ്കയാണ് എല്ലായിടവും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 16 അടി വെള്ളമാണ് വേനല്‍ കാലത്ത് അണക്കെട്ടില്‍ കൂടുതല്‍ ഉള്ളത്. ഈ നില തുടരുകയും മഴ ശക്തമാവുകയും ചെയ്താല്‍ കാലവര്‍ഷത്തിന്റെ ആദ്യത്തില്‍ തന്നെ ഡാം തുറക്കേണ്ടി വരുമോ എന്നാണ് ആശങ്ക. അതുപോലെതന്നെ സര്‍ക്കാര്‍ വകുപ്പുകളുടെ മെല്ലെപ്പോക്ക് കാരണം മഴക്കാലപൂര്‍വ്വ ശുചീകരണം പോലും സംസ്ഥാനത്ത് ഇഴഞ്ഞുനീങ്ങുകയാണ്. മൂന്നാമതൊരു പ്രളയമുണ്ടാകുമോ എന്ന ഭീതിയിലാണ് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍.
കൊവിഡ് കാലത്ത് വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ പ്രത്യേക രീതിയില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട കെട്ടിടങ്ങളുടെ കണക്കെടുപ്പ് ഇപ്പോഴും തുടരുകയാണ്.ചിലയിടങ്ങളില്‍ വെള്ളമൊഴുകിപ്പോകാനുള്ള ഓടകളും പ്രത്യേക ട്രഞ്ചുകളും നിര്‍മ്മിച്ചുകഴിഞ്ഞു.പ്രളയമാപ്പിംഗ് ചെയ്യുന്നത് പലയിടത്തും പൂര്‍ത്തിയായില്ല. മഴക്കാലമെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്‌പോഴും ഡാമിലും പുഴകളിലും അടിഞ്ഞ മണലും എക്കലും നീക്കാന്‍ റവന്യൂവകുപ്പ് നടപടിയൊന്നുമെടുത്തിട്ടില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ ഒന്നിച്ച് വെള്ളപ്പൊക്ക മുന്നൊരുക്കം അടിയന്തരമായി നടത്തിയില്ലെങ്കില്‍ കൊവിഡിനൊപ്പം മൂന്നാം പ്രളയം കൂടി കേരളം നേരിടേണ്ടി വരും.
ഇടുക്കി അണക്കെട്ടിനെ സമ്പന്ധിച്ച് നിലവിലെ ജലനിരപ്പ് 2,344 അടിയാണ്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 40 ശതമാനത്തിനു മുകളിലാണ് ഈ ദിവസങ്ങളിലെ ജലനിരപ്പ്. വേനല്‍ കാലത്ത് ഈ നിലയില്‍ ജല നിരപ്പ് കുറയാതിരിക്കുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 8.5 കോടി യൂണിറ്റ് വേണ്ടിയിരുന്നിടത്ത് ലോക്ക്ഡൗണ്‍ വന്ന ശേഷം പ്രതിദിന ഉപഭോഗം 7 കോടി യൂണിറ്റായി ചുരുങ്ങി.
കാലവര്‍ഷം ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്നും ശക്തമാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ജൂണ്‍ അവസാനത്തോടെ ഡാം നിറഞ്ഞേക്കും. ചെറുഡാമുകളില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം കുറച്ച് ഇടുക്കിയില്‍ ഉത്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി, എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നും അധിക ജലം കാലവര്‍ഷം എത്തും മുന്‍പ് ഒഴുക്കി കളയണം എന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha
























