കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തും; നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ബസുകൾ

കൊവിഡ് 19 ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുവന്നതോടെ ഇന്ന് മുതൽ സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി സര്‍വീസ് പുനരാരംഭിക്കും. രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകൾ ഓടിത്തുടങ്ങുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസിയുടെ ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ്. ഒരു ബസിൽ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.
1850 ബസുകളാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാകും സര്‍വീസ്. പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിയിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച ചാര്‍ജുമായാണ് കെഎസ്ആര്‍ടിസി ഇന്ന് നിരത്തിലിറങ്ങുന്നത്. ജില്ലക്കുള്ളിലെ സര്‍വീസുകള്‍ മാത്രമാകും ഉണ്ടാകുക. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും 11 മണിക്ക് ശേഷം യാത്രക്കാരുടെ ബാഹുല്യത്തിന് അനുസരിച്ചാകും സര്‍വീസ്. തിരുവനന്തപുരത്ത് 499ഉം കൊല്ലത്ത് 208ഉം സര്‍വീസുകളുണ്ടാകും. നേരത്തെ 15 ലക്ഷം കിലോമീറ്ററാണ് പ്രതിദിനം കെഎസ്ആര്‍ടിസി ഓടിയിരുന്നത്. എന്നാല്‍ ഫാസ്റ്റ് പാസഞ്ചറും ദീര്‍ഘദൂര ബസ് സര്‍വീസുകളുമില്ലാത്തതിനാല്‍ ഇത് അഞ്ച് ലക്ഷമായി ചുരുങ്ങി.
തിരക്കുള്ള സമയത്ത് മാത്രം കൂടുതൽ സർവീസ് നടത്തും. കെഎസ്ആർടിസിയുടെ ക്യാഷ്‍ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാർഡ് ഇതോടെ നിലവിൽ വരും. പരീക്ഷണ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ-തിരുവനന്തപുരം, നെയ്യാറ്റിന്‍കര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാർഡ് നടപ്പിലാക്കുന്നത്.
പിന്‍വാതിലിലൂടെ യാത്രക്കാരെ ബസിനകത്തേക്ക് പ്രവേശിപ്പിക്കും. മുന്‍വാതിലിലൂടെയാണ് പുറത്തിറങ്ങേണ്ടത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുചിയാക്കിയ ശേഷമേ ബസില്‍ പ്രവേശിക്കാൻ സാധിക്കൂ . പ്രിപെയ്ഡ് കാര്‍ഡ് വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. 40 ശതമാനം ആളുകളുമായി സര്‍വീസ് നടത്തുന്നത് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് വ്യക്തമാക്കി.
ഡീസലിന്‍റെ നികുതിയും ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നുമാണ് സ്വകാര്യ ബസുടമകളുടെ പക്ഷം. ഡീസലിന് ടാക്സ് ഒഴിവാക്കി സബ്‍സിഡി നല്‍കുമെങ്കില്‍ മാത്രം സര്‍വീസ് നടത്തുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഴ്സ് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. 40 ശതമാനം ആളുകളുമായി സർവീസ് നടത്തുന്നത് ലാഭകരമാവില്ല. ഇരട്ടി ചാർജ് വർധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വർധന മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ബസുടമകൾ പറഞ്ഞു.
നഷ്ടം എല്ലാവര്‍ക്കുമുണ്ടെന്നും വാഹന നികുതിയിളവുകൊണ്ട് മാത്രം സര്‍ക്കാരിന് 36 കോടി നഷ്ടമുണ്ടായെന്നും ഗതാഗതമന്ത്രി പറഞ്ഞു. സ്വകാര്യ ബസുടമകള്‍ യാഥാര്‍ഥ്യ ബോധത്തോടെ പ്രതികരിക്കണമെന്നും നിലപാട് തിരുത്തണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.ഇന്നലത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ബാർബർ ഷോപ്പുകളും നിയന്ത്രണങ്ങളോടെ ഇന്ന് പ്രവർത്തിച്ച് തുടങ്ങും.
ലോട്ടറി വിൽപന നാളെ പുനരാരംഭിക്കും. ലോട്ടറി ഏജന്‍റുമാരുടെ സംഘടനാ പ്രതിനിധികളുമായി ധനമന്ത്രി തോമസ് ഐസക്ക് ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ മാർച്ച് 25ന് നറുക്കെടുപ്പ് നടക്കേണ്ട ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ വിൽപന നടത്തുക. 67 ലക്ഷം ടിക്കറ്റുകളാണ് വിൽക്കാതെ ബാക്കിയുള്ളത്. ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha

























