കുടിയന്മാർക്കൊരു ആശ്വാസവാർത്ത ! ഒടുവിൽ പേര് കിട്ടി; ഇനി ആപ്പ് ഡൌൺലോഡ് ചെയ്താൽ മതി

മദ്യവിതരണത്തിനായി ബവ്റിജസ് കോർപറേഷൻ തയാറാക്കിയ മൊബൈൽ ഫോൺ ആപ്ലിക്കേഷന്റെ പേരു ഒടുവിൽ പുറത്തായി. Bev Q എന്ന പേരിലാണ് ആപ്ലിക്കേഷൻ പൊതുജനങ്ങൾക്കു ലഭ്യമാവുക എന്നാണ് നിലവിലെ റിപോർട്ടുകൾ . ആപ്ലിക്കേഷൻ തയാറാക്കി ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ അപ്ഡേറ്റ് ചെയ്യാനായി നൽകിയിരിക്കുകയാണ്. ഇതു പൂർത്തിയായാൽ ഉടൻ പ്ലേ സ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യാൻ സാധിക്കും .. ഐ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള ആപ്ലിക്കേഷൻ ആപ് സ്റ്റോറിൽ നിന്നാണു ഡൗൺലോഡ് ചെയ്യേണ്ടത്. എല്ലാ പ്ലാറ്റ്ഫോമിലും ആപ്ലിക്കേഷൻ ലഭ്യമാക്കുമെന്നു ബവ്കോ അധികൃതർ പറഞ്ഞു. സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചത്.
ജിപിഎസ് സംവിധാനം ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം എന്നുടെ ധികൃതർ പറഞ്ഞു.. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാർ, ബവ്കോ, കൺസ്യൂർഫെഡ്, ബീയർ ആൻഡ് വൈൻ പാർലർ എന്നിവിടങ്ങളിൽനിന്ന് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ആപ്ലിക്കേഷൻ നൽകുന്നത്. 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് തയാറാക്കുന്നത്.
തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. ഇത്രയും ദിവസം മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കൂടുതൽ ആളുകൾ ആപ്പ് ഉപയോഗിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
ആപ്ലിക്കേഷൻ വഴി റജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാതു കേന്ദ്രങ്ങളിലെത്തിയാൽ മദ്യം ലഭിക്കും. ഒരാൾക്കു പരമാവധി 3 ലീറ്റർ വരെ മദ്യമാണു ലഭിക്കുക. ബാറുകളിൽനിന്നടക്കം സർക്കാർ വിലയ്ക്കു മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവർ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്നു മദ്യപിക്കാൻ അനുമതിയില്ല. ഭക്ഷണം പാഴ്സലായി വാങ്ങാം.പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകിയാണ് ക്യൂവിൽ ബുക്ക് ചെയ്യേണ്ടത് . വ്യക്തിവിവരങ്ങൾ ചോദിക്കില്ല.പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആപ്പ് ഉപഭോക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടില്ല. സാങ്കേതിക കാര്യങ്ങളിൽ പരിശോധന നടക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് ബവ്കോ പറയുന്നത് . പ്ലേ സ്റ്റോറിൽ ആപ്പ് ഉൾപ്പെടുത്താൻ ഗൂഗിളിന്റെ അനുമതി തേടിയിട്ടുണ്ട്. ഇന്നോ നാളെയോ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha

























