ട്രെയിന്‍ റദ്ദാക്കല്‍: അതിഥി മത്സ്യത്തൊഴിലാളികള്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ പണിമുടക്കി

കൊല്‍ക്കത്തയ്ക്കുള്ള ശ്രമിക് ട്രെയിന്‍ 20-ന് വൈകിട്ട് കോഴിക്കോട്ടു നിന്നു പുറപ്പെടുമെന്നു നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം വില്ലേജ് അധികൃതര്‍ അതിഥിത്തൊഴിലാളികളുടെ പട്ടിക തയാറാക്കുകയും ചെയ്തു. 630 പേരുടെ പട്ടികയില്‍ പരമാവധി തൊഴിലാളികളെ കൊണ്ടുപോകാനായിരുന്നു ലക്ഷ്യം. എന്നാല്‍ ബംഗാളില്‍ ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യത്തില്‍ ട്രെയിന്‍ റദ്ദാക്കി.
വിവരം അറിഞ്ഞ തൊഴിലാളികള്‍ രാവിലെ ഫിഷറീസ് ഓഫിസിനു മുന്‍പില്‍ സംഘടിച്ചു. ട്രെയിന്‍ റദ്ദാക്കിയ സ്ഥിതിക്കു ബോട്ടില്‍ പണിക്കു പോകാന്‍ ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. ചിലര്‍ വില്ലേജ് ഓഫിസിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും പോയി. നാട്ടിലേക്ക് പോകണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്ന തൊഴിലാളികള്‍ ബോട്ടുകളില്‍ പണിക്കു പോകാന്‍ വിസമ്മതിച്ചു.
ഇതേ തുടര്‍ന്നു കഴിഞ്ഞ ദിവസം ടോക്കണ്‍ ലഭിച്ച പല ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിനു പോകാന്‍ കഴിഞ്ഞില്ല. മറ്റിടങ്ങളില്‍ നിന്നു തൊഴിലാളികളെ എത്തിച്ചാണു വലിയ ചില ബോട്ടുകാര്‍ കടലില്‍ പോയത്. ഇനി ട്രോളിങ് നിരോധനത്തിനു ശേഷം മാത്രമേ ബോട്ടില്‍ കയറൂവെന്ന നിലപാടിലാണ് തൊഴിലാളികള്‍. നാട്ടിലേക്കെന്ന് പറഞ്ഞു കാല്‍നടയായി പുറപ്പെട്ടവരും പിന്നീട് മടങ്ങി വന്നു.
വിവരം അറിഞ്ഞു ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി തൊഴിലാളികളെ ബോട്ടിലേക്ക് തിരിച്ചയച്ചു. ഹാര്‍ബറില്‍ പലയിടത്തായി കൂട്ടം കൂടിയ തൊഴിലാളികളെ പൊലീസ് പുതിയ വാര്‍ഫിലെ ലേല ഹാളില്‍വിളിച്ചു വരുത്തി ആശയവിനിമയം നടത്തി.
https://www.facebook.com/Malayalivartha


























