ചെക്പോസ്റ്റ് ഡ്യൂട്ടി തുണച്ചു; കുഞ്ഞുബേബി പിറന്നു വീണത് പാത്തുമ്മ ബീവിയുടെ കയ്യിലേക്ക്..

പാലക്കാട് കൊല്ലങ്കോട് കോവിഡ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ട് ഡോക്ടറും മറ്റു ജീവനക്കാരും ക്വാറന്റീനിലായപ്പോൾ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഐ.പാത്തുമ്മാബീവി മാത്രം അതിൽ നിന്ന് ഒഴിവായി. അതെന്തായാലും നിമിത്തമെന്നു പറയാൻ സാധിക്കും കാരണം , ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ആദിവാസി യുവതി ബേബിയുടെ പെൺകുഞ്ഞിനെ ഭൂമിയിലേക്കു സ്വീകരിക്കാൻ നിയോഗം പാത്തുമ്മബീവിക്കായിരുന്നു .
ഇന്നലെ പുലർച്ചെ 5.50നാണു പാത്തുമ്മാബീവിയുടെ ഫോണിലേക്കു ബേബിയുടെ ഭർത്താവ് കാളിമുത്തുവിന്റെ കാൾ വന്നത്. ഉടൻ ആശാ വർക്കർ ദീപ സുബ്രഹ്മണ്യനെ വിളിച്ച് ബേബിയുടെ നിലവിലെ അവസ്ഥ അന്വേഷിക്കാൻ പറഞ്ഞു.
ബേബിയുടെ വീട്ടിലെത്തിയ ദീപ, കുട്ടിയുടെ തല പുറത്തു വന്നതായി അറിയിച്ചതോടെ പാത്തുമ്മാബീവി ഭർത്താവ് അയൂബ് ഖാന്റെ ബൈക്കിൽ നെണ്ടൻകിഴായയിലെ വീട്ടിൽനിന്നു ഗോവിന്ദാപുരത്തെത്തുകയായിരുന്നു
കുട്ടിയെ പുറത്തെടുത്തു, പൊക്കിൾ കൊടി മുറിച്ചു. കൈകൾ വിറച്ചെങ്കിലും ഒന്നും തെറ്റിയില്ല. 2.3 കിലോഗ്രാം ഭാരമുള്ള പെൺകുഞ്ഞ്! പിന്നെ, മെഡിക്കൽ ഓഫിസർ ഡോ.സി.ആർ. അരുൺരാജ് അയച്ച ആംബുലൻസിൽ കുഞ്ഞിനേയും അമ്മയും കൊണ്ട് ആശുപത്രിയിലേക്ക്. പാത്തുമ്മാബീവി തന്നെ അവിടെയും അമ്മയ്ക്കും കുഞ്ഞിനും ശുശ്രൂഷ നൽകി. പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
കോവിഡ് രോഗി ആശുപത്രിയിൽ ചികിത്സ തേടിയതിനാലാണു ഡോക്ടർ ക്വാറന്റീനിലായത്. ആശുപത്രി പിന്നീട് അണുവിമുക്തമാക്കി തുറന്നു. അതെ ദിവസം പാത്തുമ്മാബീവി ചെക്പോസ്റ്റ് ഡ്യൂട്ടിയിലായിരുന്നതിനാൽ ക്വാറന്റീനിൽ പോകേണ്ടി വന്നില്ല.
കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ച മുതലമട സ്വദേശി ചികിത്സതേടിയ മുതലമട ചുള്ളിയാർ മേട് പ്രാഥമിക ആരോഗ്യ കേന്ദ്രം രണ്ട് ദിവസത്തേക്ക് അടച്ചിടാനും കേന്ദ്രം അണുമുക്തമാക്കാനുംഡി.എം.ഒ കെ.പി റീത്ത നിർദേശിച്ചത് .
കൊറോണ സ്ഥിരീകരിച്ച വ്യക്തി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് ഏഴ്, ഒൻപത്, 11 ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയിരുന്നു .എന്നാൽ ഡോക്ടർക്ക് കൃത്യമായ വിവരങ്ങൾ നൽകിയിരുന്നില്ല. അദ്ദേഹത്തിന് ഐവി ട്രിപ്പും ഇഞ്ചക്ഷനും നൽകിയിരുന്നു. 11ന് നേരിയ ശ്വാസം മുട്ടൽ വന്നപ്പോൾ ആണ് ജില്ലാ ആശുപത്രിയിലേക്ക് വിട്ടത്.
കുറച്ച് ദിവസങ്ങൾ മുതലമട ആശുപത്രിയിൽ ചികിത്സ തേടുകയും അടുത്തുള്ള കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം വാങ്ങി വന്ന് ആശുപത്രിയിൽ തന്നെ സമയം ചിലവഴിച്ചതായി പറയുന്നുണ്ട്. മെയ് 9ന് മുതലമടയിലെ വെള്ളാരംകടവ് ബാബുപതി കോളനിയിലെ വൃദ്ധദമ്പതികളെ മാറ്റി പാർപ്പിക്കുന്നതിന് മുന്നോടിയായി ആശുപത്രിയിൽ കൊണ്ടു വന്നിരുന്നു. ഇതേ സമയത്ത് ഇദ്ദേഹം ഒ. പി യിൽ ഉണ്ടായിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. മുതലമട പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ വിവിധ ജനപ്രതിനിധികൾ സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ ദമ്പതികളെ മാറ്റി പാർപ്പിക്കുന്നതിനുള്ള സഹായത്തിനായി കൂടെ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് ആശുപത്രിയിൽ ഉണ്ടായിരുന്ന ഇവർക്കുൾപ്പെടെ ക്വാറന്റെയിൻ നിർദ്ദേശിച്ചത് .എന്നാൽ അന്ന് ചെക് പോസ്റ് ഡ്യൂട്ടിയിലായിരുന്നതിനാൽ പാത്തുമ്മ ബീവി ക്വാറന്റൈനിൽ നിന്ന് ഒഴിവാകുകയായിരുന്നു.ബേബിയുടെ കുഞ്ഞിനെ സ്വീകരിക്കാനുള്ള നിയോഗം പോലെ
https://www.facebook.com/Malayalivartha


























