യുവതി പാമ്പ് കടിയേറ്റു മരിച്ചതില്‍ അന്വേഷണം വേണമെന്ന് രക്ഷിതാക്കള്‍, ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധം

അഞ്ചലില്‍, പാമ്പ് കടിയേറ്റ് ചികില്‍സയില്‍ ഇരിക്കവേ വീണ്ടും പാമ്പ് കടിയേറ്റ് യുവതി മരിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛന്‍ ആരോപിച്ചു.
അടൂര്‍ പറക്കോടെ ഭര്‍തൃവീട്ടില്‍ വച്ച് മാര്‍ച്ച് 2-ന് ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കള്‍ താമസിക്കുന്ന അഞ്ചല്‍ ഏറം പ്രദേശത്തുള്ള കുടുംബവീട്ടില്‍ എത്തിയത്. ഉത്ര (25) ഈ മാസം ഏഴിനാണു മരിച്ചത്.
കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നു പാമ്പിനെ കണ്ടെത്തിയിരുന്നു . ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം. മുറിയില്‍ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു.
ഭര്‍ത്താവ് സൂരജും ഉത്രയ്ക്ക് പാമ്പുകടിയേറ്റ ദിവസം മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. മകള്‍ക്കു വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചല്‍ പൊലീസ് പറഞ്ഞു. ഉത്ര- സൂരജ് ദമ്പതികള്‍ക്ക് ഒരു വയസുള്ള മകനുണ്ട്.
https://www.facebook.com/Malayalivartha


























