20 കോടിയുടെ ഹാഷിഷ് കടത്ത് കേസ്; രാജാക്കാട് സണ്ണിക്കും 2 കൂട്ടാളികൾക്കും ജാമ്യമില്ല; ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ കോടതി ഉത്തരവ് ; ജൂൺ 4 ന് പ്രതികളെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്

തലസ്ഥാനത്ത് വെച്ച് 20 കോടി രൂപ വിലവരുന്ന 10 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരനായ രാജാക്കാട് സണ്ണിയടക്കം മൂന്നു പ്രതികൾക്ക് ജാമ്യമില്ല. ജാമ്യം തള്ളിയ കോടതി പ്രതികൾ തടവറക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ഉത്തരവിട്ടു. പ്രതികളെ ജൂൺ 4 ന് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാൻ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.
വൻ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികളെ കുറ്റപത്രം സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി മൊഴി തിരുത്തിക്കാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ വിചാരണ അട്ടിമറിക്കപ്പെടും. കൂടാതെ വിചാരണക്ക് പ്രതികളെ പ്രതിക്കൂട്ടിൽ ലഭ്യമാകാത്ത അവസ്ഥ സംജാതമാകും. ഈ സാഹചര്യത്തിൽ പ്രതികൾ കൽതുറുങ്കിനുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാനും വിചാരണ വേഗത്തിൽ പൂർത്തിയാക്കാനും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.
2018 നവംബർ 7 നാണ് കേസിനാസ്പദമായ വൻ ലഹരിമരുന്ന് കടത്ത് നടന്നത്. അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ പ്രധാനികളായ ഇടുക്കി രാജാക്കാട് സ്വദേശികളായ രാജാക്കാട് സണ്ണിയെന്നും സണ്ണി മാത്യുവെന്നും അറിയപ്പെടുന്ന സണ്ണി ജോസഫ് (39) , സൈബു തങ്കച്ചൻ (27) , അജി ശ്രീധരൻ (40) എന്നിവരാണ് കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ.
വിമാനത്താവളം വഴി കടത്താനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. രാജ്യാന്തര വിമാനത്താവളത്തിലൂടെ ശ്രീലങ്ക , മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് കടത്താനായാണ് ഹാഷിഷ്ൽ ഓയിൽ കടത്തിക്കൊണ്ടു വന്നത്.കടത്താൻ ഉപയോഗിച്ച സൈബു തങ്കച്ചൻ്റെ കാറും സിറ്റി പോലീസ് പിടികൂടിയിരുന്നു. സണ്ണി ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലക്കേസ് പ്രതിയാണ്.
സണ്ണി രാജാക്കാട് വനമേഖലയിൽ മാസങ്ങൾ താമസിച്ച് കഞ്ചാവ് നട്ടു വളർത്തി കച്ചവടം നടത്തി വരുന്ന ആളാണ്. ഇരുപത് കിലോയോളം കഞ്ചാവ് സംസ്ക്കരിച്ചാണ് ഒരു കിലോ ഹാഷിഷ് ഓയിൽ യന്ത്ര സംവിധാനത്താൽ ഫാക്ടറിയിൽ ഉണ്ടാക്കുന്നത്. വിദേശത്ത് കയറ്റി അയക്കുന്ന പ്രധാന സാധനങ്ങളുടെ കുപ്പികളിലാണ് മയക്കുമരുന്ന് കടത്തുന്നത്.
https://www.facebook.com/Malayalivartha


























