ഉദ്യോഗസ്ഥരുടെ ആശങ്ക മാറുന്നില്ല, പട്ടയ ഭൂമിയിലെ റിസര്‍വ് ചെയ്ത മരം മുറിക്കലിന് രണ്ടാമത് ഇറക്കിയ സര്‍ക്കുലറിലും ആശയക്കുഴപ്പം

പട്ടയ ഭൂമിയില്‍ റിസര്‍വ് ചെയ്ത മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ അനുമതിയിലെ അവ്യക്തത പരിഹരിക്കാന്‍ രണ്ടാമതിറക്കിയ സര്‍ക്കുലറും ഉദ്യോഗസ്ഥരുടെ ആശയക്കുഴപ്പം പരിഹരിച്ചില്ല. അഡൂര്‍,ദേലംപാടി പട്ടയ ഭൂമിയില്‍ റിസര്‍വ് ചെയ്ത ഈട്ടി, തേക്ക് മുതലായ മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ അനുമതിയിലെ അവ്യക്തത പരിഹരിക്കാനാണ് രണ്ടാമത് സര്‍ക്കുലര്‍ ഇറക്കിയത്. പുതിയ സര്‍ക്കുലര്‍ ഇറങ്ങി രണ്ടു മാസം കഴിഞ്ഞിട്ടും ഇതുമൂലം അനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. സര്‍ക്കുലറിനു നിയമ പിന്‍ബലം ഇല്ലാത്തതും വനസംരക്ഷണ നിയമത്തിന് എതിരാകുമോ എന്ന സംശയവുമാണ് ഉദ്യോഗസ്ഥരുടെ ആശങ്കയ്ക്കു കാരണം. അനുമതി കൊടുത്താല്‍ കോടതി കയറേണ്ടി വരുമോ എന്ന പേടിയും കാരണമാകുന്നുണ്ട്.
പട്ടയം നല്‍കുന്ന സമയത്ത് ആ ഭൂമിയിലുള്ള ചന്ദനം, ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങള്‍ റിസര്‍വ് ചെയ്ത് അടയാളപ്പെടുത്താറുണ്ട്. ഇവ മുറിക്കാതെ നോക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം പട്ടയ ഉടമയ്ക്കുണ്ട്. വനംവകുപ്പ് വില നിര്‍ണയിച്ച ശേഷം അത് സര്‍ക്കാരിലേക്ക് അടച്ചാല്‍ മാത്രമേ ഇത്തരം മരങ്ങള്‍ മുറിക്കാന്‍ മുന്‍പ് അനുവാദം നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ പണം അടയ്ക്കാതെ തന്നെ പട്ടയ ഉടമയ്ക്കു മുറിക്കാന്‍ റവന്യു വകുപ്പ് അനുവാദം നല്‍കിയിരുന്നു.
ഇതിലെ ആശയക്കുഴപ്പം പരിഹരിക്കാനാണ് കഴിഞ്ഞ മാര്‍ച്ച് 11-ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും പട്ടയ ഭൂമിയില്‍ നേരത്തെ ഉണ്ടായിരുന്നതുമായ മരങ്ങളുടെ ഉടമസ്ഥാവകാശം പട്ടയ ഉടമയ്ക്കാണെന്ന് ഇതില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ദേലംപാടി പയറടുക്കയില്‍ നിന്നും ബളവന്തടുക്കയില്‍ നിന്നും മുറിച്ച ഈട്ടിത്തടികള്‍ കൊണ്ടു പോകാന്‍ വില്ലേജ് ഓഫിസര്‍ അനുവദിച്ചില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ മരങ്ങള്‍ കസ്റ്റഡിയില്‍ എടുത്ത് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫിസര്‍ എ. ബിന്ദു പറഞ്ഞു.
പട്ടയ ഭൂമിയില്‍ റിസര്‍വ് ചെയ്ത 10 തരം മരങ്ങള്‍ മുറിക്കാനുള്ള അനുമതി നല്‍കാനുള്ള അധികാരം റവന്യു വകുപ്പിന് ഇല്ലെന്നാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരമായി നല്‍കിയത്. ഇതിനായി വനംവകുപ്പിനെയാണ് സമീപിക്കേണ്ടതെന്നും മന്ത്രി പറയുന്നു. ഇതു രണ്ടും തമ്മിലുള്ള വൈരുധ്യമാണ് സംശയത്തിനു കാരണം. ഇത്തരത്തില്‍ മരങ്ങള്‍ മുറിക്കാന്‍ ധാരാളം അപേക്ഷകളാണ് വില്ലേജ് ഓഫിസുകളില്‍ ലഭിക്കുന്നത്. എന്തു ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുകയാണ്.
https://www.facebook.com/Malayalivartha


























