പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞ് പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും വിജിലൻസിന് മൊഴി ; മൊഴി നൽകിയത് കളമശേരി സ്വദേശി ഗിരീഷ് ബാബു; കള്ളപ്പണക്കേസ് പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞ് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരൻ

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ ആളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി. ഹര്‍ജി നല്കിയ കളമശേരി സ്വദേശി ഗിരീഷ് ബാബുവില്‍നിന്നാണ് വിജിലന്‍സ് ഐജിയുടെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തിയത് . കേസ് ഒത്ത് തീര്‍പ്പാക്കുന്നതിനായി പണം വാഗ്ദാനം ചെയ്തെന്ന മൊഴി ഇദേഹം അന്വേഷണ സംഘത്തിന് നല്‍കിയതായാണു പുറത്തുവരുന്ന വിവരങ്ങൾ.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് വിജിലന്‍സ് ഐജിയുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തിയത്. ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. സംഭവത്തെക്കുറിച്ച് വിജിലന്‍സ് ഐജി അന്വേഷിച്ച് ജൂണ്‍ എട്ടിന് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ് . ഹര്‍ജിക്കാരനു ഭീഷണിയുണ്ടെന്ന് വീണ്ടും പരാതികിട്ടിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കളമശേരി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറോടും കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ജസ്റ്റീസ് സുനില്‍ തോമസിന്റേതായിരുന്നു ഇടക്കാല ഉത്തരവ്. പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടിലൂടെ സമ്പാദിച്ച പണം വി.കെ. ഇബ്രാഹിംകുഞ്ഞ് മറ്റൊരു അക്കൗണ്ടിലൂടെ മാറ്റിയെടുത്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.
പാലാരിവട്ടം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജിയും ഗിരീഷ് ബാബു പിന്നീട് ഫയല്‍ ചെയ്തിരുന്നു. ഇതിനുശേഷം ഹര്‍ജികള്‍ പിന്‍വലിക്കാനായി തനിക്കുനേരെ ഭീഷണി ഉണ്ടായെന്നാണ് ഹൈക്കോടതിയില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കോടതിയും മറ്റും പ്രവര്‍ത്തിക്കാത്തത് കണക്കിലെടുത്ത് ജസ്റ്റീസ് സുനില്‍ തോമസിന് നേരിട്ടും ഗിരീഷ് ബാബു പരാതി നല്‍കിയിരുന്നു.കേസ് ഒത്ത് തീര്‍പ്പാക്കുന്നതിനായി അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇതിനായുള്ള ഉടമ്പടിയില്‍ ഒപ്പുവച്ചാല്‍ പണം തരാമെന്നായിരുന്നു വാഗ്ദാനം. ആ ഉടമ്പടിയുടെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തന്നെ ശാരീരികമായി ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ ചിലര്‍ തന്നെ പിന്തുടര്ന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിയില്‍ ഹര്‍ജിക്കാരന്റെ സ്റ്റേറ്റ്മെന്റ് എടുത്തതായി തൃക്കാക്കര എസിപിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കേസ് പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞിന്റെ ആളുകൾ നിരന്തരം സമ്മർദം ചെലുത്തിയപ്പോഴാണ് പരാതിയുമായി കോടതിയെ സമീപിച്ചതെന്ന് ഗിരീഷ് ബാബു പറഞ്ഞു. പിന്നീട്, കേസ് പിൻവലിക്കാൻ കഴിയില്ലെങ്കിൽ ചില ലീഗ് നേതാക്കളുടെ പ്രേരണ മൂലമാണ് കേസ് നൽകിയതെന്ന് കത്ത് നൽകാനും ആവശ്യപ്പെട്ടു. കത്ത് നൽകിയാൽ അഞ്ചു ലക്ഷം രൂപ നൽകാമെന്നും വാഗ്ദാനം ചെയ്തു. നാട്ടിൽ എനിക്ക് പരിചയമുള്ള ഇബ്രാഹിംകുഞ്ഞുമായി അടുപ്പമുള്ള ചിലരാണ് ആദ്യം സമീപിച്ചത്. പിന്നീട് ഇബ്രാഹിംകുഞ്ഞുമായും മകനുമായും അവരുടെ വീട്ടിലെത്തി സംസാരിച്ചു. ഇബ്രാഹിംകുഞ്ഞ് നേരിട്ടാണ് അഞ്ചു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞതെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























