ശ്രീചിത്രയുടെ ആര്‍ടി ലാബ് ഫലം കൃത്യമല്ല; പരിശോധനാ സംവിധാനം കൃത്യമല്ല എന്നും കണ്ടെത്തൽ; രോഗ നിര്‍ണയത്തിനും ഉപയോഗിക്കാനാകില്ല; രൂക്ഷ വിമര്‍ശനമുമായി എംടി രമേഷ്

പരിശോധനാ കൃത്യത വെറും 45.6 ശതമാനം മാത്രം. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉപകരണം മെച്ചപ്പെടുത്തി വീണ്ടും പരിശോധനയ്ക്ക് അയക്കുമെന്ന് ശ്രീചിത്ര. രൂക്ഷ വിമര്‍ശനമുമായി എംടി രമേഷ് രംഗത്ത്.
രമേഷിന്റെ വിമർശനം ഇങ്ങനെ ; അറയില്‍ ആടിയേ അരങ്ങത്ത് ആടാവൂ...'ഏതൊരു വ്യക്തിക്കും ബാധകമായ ഒരു സാമാന്യ തത്വമാണിത്. അത് കലാകാരാനാകട്ടെ ശാസ്ത്രജ്ഞരാകട്ടെ, ഡോക്ടര്‍മാരാകട്ടെ, രാഷ്ട്രീയക്കാരാകട്ടെ. ഇത് ഇപ്പോള്‍ പറയാനുള്ള സാഹചര്യം ശ്രീചിത്രാ മെഡിക്കല്‍ സെന്ററുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്. ത്രോട്ട് സ്വാബുമായി ബന്ധപ്പെട്ട് ഇന്നലെ ഞാന്‍ നടത്തിയ ആരോപണത്തിന് ശക്തി പകരുന്ന കൂടുതല്‍ കാര്യങ്ങള്‍ ഇന്നും പുറത്തു വിടുകയാണ്. ആരുടേയോ കണ്ടുപിടുത്തം സ്വന്തമാക്കി മേനി നടിച്ചത് ചിലരുടെ സ്വാര്‍ത്ഥ താത്പര്യമാണെന്നും അത് സ്ഥാപനത്തിന്റെ സത്കീര്‍ത്തിക്ക് കളങ്കം ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ശ്രീചിത്രയുടെ അടുത്ത അവകാശ വാദവും പൊളിഞ്ഞു വീഴുകയാണ്. നിരവധി പരാജയങ്ങളും തിരിച്ചടികളും ഒക്കെ നേരിട്ടാല്‍ മാത്രമേ ഏതൊരു നേട്ടവും കരസ്ഥമാക്കാനാകൂ. ശാസ്ത്രലോകത്ത് പ്രത്യേകിച്ചും. അതിനാല്‍ കണ്ടുപിടുത്തങ്ങള്‍ പരാജയപ്പെടുന്നതോ ശാസ്ത്രീയമായി തെളിയിക്കാനാകാത്തതോ കുറ്റമായോ പോരായ്മയായോ കണക്കാക്കേണ്ടതുമില്ല. പക്ഷേ നൂറു ശതമാനവും ശരിയെന്ന് തെളിയിക്കപ്പെടുന്നതിന് മുന്‍പ് 'പാതിവെന്ത വിഭവങ്ങള്‍' വിളമ്പുന്നത് അപരാധം തന്നെയാണ്.
ഇതാണ് ശ്രീചിത്രയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോവിഡ് വൈറസിന്റെ ജീന്‍ കണ്ടെത്താനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തു എന്ന ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ ഡയറക്ടറുടെ അവകാശ വാദം. എന്നാല്‍ ശ്രീചിത്ര വികസിപ്പിച്ചെടുത്ത കിറ്റിന് നിലവാരമില്ലെന്നും ഇതുപയോഗിച്ചാല്‍ രോഗ നിര്‍ണ്ണയം സാധ്യമല്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) കണ്ടെത്തിയിരിക്കുകയാണ്. ഐസിഎംആറിന്റെ കീഴിലുള്ള ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ശ്രീചിത്രയുടെ കണ്ടുപിടുത്തം തള്ളിക്കളഞ്ഞിരിക്കുന്നത്. ഇത് ഒരു അക്ഷന്തവ്യമായ കുറ്റമല്ലെന്ന് മാത്രമല്ല ഇത് സാധാരണവുമാണ്. എന്നാല്‍ ഐസിഎംആറിന്റെ അംഗീകാരം കിട്ടുന്നതിന് മുന്‍പ് വലിയ നേട്ടമായി ഇത് കൊട്ടിഘോഷിച്ച നടപടി പക്ഷേ അപരാധം തന്നെയാണ്. അതാണ് 'അറയില്‍ ആടിയേ അരങ്ങത്ത് ആടാവൂ...' എന്ന് ആദ്യമേ സൂചിപ്പിച്ചത്.
ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നത് വരെ കൊട്ടിഘോഷിക്കാതിരുന്നാല്‍ എന്താണ് കുഴപ്പം?. ആരുടെ സ്വാര്‍ത്ഥ താതപര്യത്തിന് വേണ്ടിയാണ് ശ്രീചിത്രയിലെ ബഹുഭൂരിപക്ഷം വരുന്ന ശാസ്ത്രജ്ഞരെ ഇങ്ങനെ ഇളിഭ്യരാക്കുന്നത്?. രാജ്യത്തിന് തന്നെ അഭിമാനമായ ഈ സ്ഥാപനം ഇന്ന് ഒരു പറ്റം നിക്ഷിപ്ത താത്പര്യക്കാരുടെ നീരാളി പിടുത്തത്തിലാണ്. 'കണ്ടുപിടുത്തം'ആഘോഷമാക്കിയവര്‍ അത് നിരാകരിക്കപ്പെട്ടപ്പോള്‍ മൗനം പാലിക്കുന്നതാണ് ദുരൂഹം. ഇക്കാര്യങ്ങളൊക്കെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ മാതൃകാ സ്ഥാപനത്തെ അപമാനിക്കുന്നവര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെടണം. അത് നാടിന്റെ നന്മയ്ക്ക് വളരെ അത്യാവശ്യമാണ്. ഓരോ പൗരന്റേയും കടമയും.
https://www.facebook.com/Malayalivartha

























