വാഹന പരിശോധനയ്ക്കിടെ ഒന്നരക്കോടി വിലമതിക്കുന്ന 78 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍... സവാള ചാക്കുകള്‍ക്ക് അടിയില്‍ നിന്നും കഞ്ചാവിന്റെ ഭദ്രമായ വലിയ പോളിത്തീന്‍ കവറുകള്‍ 14 എണ്ണം പിടിച്ചെടുത്തു, പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വാഹന പരിശോധനയ്ക്കിടെ ഒന്നരക്കോടി വിലമതിക്കുന്ന 78 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ഇരിങ്ങാലക്കുട പടിയൂര്‍ തൊഴുത്തിങ്ങപുറത്ത് സജീവന്‍ (43), നോര്‍ത്ത് പറവൂര്‍ ചെറിയ പല്ലന്‍ തുരുത്ത് കാക്കനാട്ട് വീട്ടില്‍ സന്തോഷ് (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വന്‍തോതില്‍ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ പഴം പച്ചക്കറി വാഹനങ്ങളില്‍ കടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുടയില്‍ പരിശോധന നടത്തിയത്. ലോറിയില്‍ നിന്നും രണ്ട് കിലോ കഞ്ചാവുമായി ലോറി ഡ്രൈവര്‍ മൂത്തകുന്നം മടപ്ലാത്തുരുത്ത് വാടേ വീട്ടില്‍ യദുവിനെയും സഹായി നോര്‍ത്ത് പറവൂര്‍ ഗോതുരുത്ത് കല്ലറക്കല്‍ ബിജുവിനെയും പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് കഞ്ചാവ് ടാറ്റാ എയ്സില്‍ കയറ്റി വിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് പുല്ലൂറ്റ് പാലത്തിന് സമീപത്തായി വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ വാഹനം കണ്ടെത്തുകയും സവാള ചാക്കുകള്‍ക്ക് അടിയില്‍ നിന്നും കഞ്ചാവിന്റെ ഭദ്രമായ വലിയ പോളിത്തീന്‍ കവറുകള്‍ 14 എണ്ണം പിടിച്ചെടുക്കുകയുമായിരുന്നു. ഓരോന്നും എട്ടു മുതല്‍ 10 കിലോ വരെ ഭാരമുള്ള പൊതികളായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























