ഓഗസ്റ്റിലെ ഉരുള്‍പൊട്ടല്‍: ഇല്ലാത്ത മാലിന്യം നീക്കം ചെയ്യാനായി വകയിരുത്തിയ തുക 6-ദിവസത്തിനുള്ളില്‍ ചെലവഴിച്ചു തീര്‍ക്കാന്‍ നീക്കം

കഴിഞ്ഞ ഓഗസ്റ്റില്‍ നാദാപുരത്തിനടുത്ത് വിലങ്ങാട്ട് ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മയ്യഴി പുഴയില്‍ വിവിധ ഭാഗങ്ങളിലായി മരങ്ങളും കല്ലും അടിഞ്ഞു കൂടിയതായി എസ്റ്റിമേറ്റ് ഉണ്ടാക്കി ഇത് നീക്കം ചെയ്യാന്‍ 2.96 കോടി രൂപ വകയിരുത്തിയത് അഴിമതി നടത്താനുള്ള നീക്കമാണെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്ത്.
ഉരുള്‍പൊട്ടലില്‍ മരവും കല്ലും എത്താത്ത കടോളി പാലം, മഞ്ചേരി കടവ് പാലം, പാലോളി താഴ ഭാഗം എന്നിവിടങ്ങളില്‍ യഥാക്രമം 61.90 ലക്ഷം രൂപ, 76.90 ലക്ഷം രൂപ, 96.10 ലക്ഷം രൂപ എന്നിങ്ങനെ ജൂണിനു മുന്‍പെ ചെലവഴിക്കാനാണ് നീക്കമെന്നാണ് ജലസേചന വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്.
ഇതിന്റെ ഭാഗമായി പുഴയില്‍ പരിശോധന നടത്തുകയും ചെയ്തു. ഇനി 6 ദിവസം മാത്രമാണ് തുക ചെലവഴിക്കാന്‍ അവശേഷിക്കുന്നത്. ദുരന്ത നിവാരണ വകുപ്പിന്റെ തുക കരാര്‍ പോലും നല്‍കാതെ പുഴയിലെ മാലിന്യം നീക്കം ചെയ്യാന്‍ ചെലവഴിച്ചതായി കാണിച്ച് തട്ടിയെടുക്കാനാണ് നീക്കമെന്ന് യുഡിഎഫ് ആരോപിച്ചു.
ഈ ഫണ്ട് എങ്ങനെയാണ് ചെലവഴിക്കാന്‍ തീരുമാനിച്ചതെന്ന് എംഎല്‍എ ഇ.കെ.വിജയനും കലക്ടര്‍ സാംബശിവറാവുവും വ്യക്തമാക്കണമെന്ന് കെപിസിസി ജന.സെക്രട്ടറി കെ.പ്രവീണ്‍കുമാര്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഡിസിസി ജന.സെക്രട്ടറി സി.വി.കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
മേയ് 20-നാണ് പണിക്ക് തുക അനുവദിച്ചതായി കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കിയത്. വിഷ്ണുമംഗലം ബണ്ട് തുറന്ന് പുഴയില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് തുടങ്ങിയിരിക്കെ എങ്ങനെയാണ് പണി നടത്തുകയെന്നും എന്ത് പണിയാണ് നടത്തുകയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. വാണിമേല്‍ പഞ്ചായത്തിലെ മീത്തലെ പൈങ്ങോല്‍ ഭാഗത്താണ് ബാക്കി തുക ചെലവഴിക്കുമെന്നു പറയുന്നത്. ഇവിടെയും ഭീമമായ തുക ചെലവഴിക്കാന്‍ മാത്രം മരങ്ങളൊന്നും അടിഞ്ഞു കൂടിയിട്ടില്ല. വേനല്‍ക്കാലത്ത് ഒരു പ്രവര്‍ത്തനവും നടത്താതിരുന്ന അധികൃതര്‍ മഴ തലയ്ക്കു മുകളിലെത്തിയപ്പോള്‍ പുഴയില്‍ പണം എറിയാന്‍ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇതിനെ യുഡിഎഫ് ചെറുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
പുളിയാവ് പുഴയില്‍ നടത്തിയ പ്രതിഷേധം കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെക്യാട് പഞ്ചായത്ത് ചെയര്‍മാന്‍ മരുന്നോളി കുഞ്ഞബ്ദുല്ല, ചെക്യാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.ദാമോദരന്‍, മുന്‍ പ്രസിഡന്റ് എന്‍.കെ.കുഞ്ഞിക്കേളു, ഫായിസ് ചെക്യാട്, അമ്മദ് മൈലാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha

























