കണ്ണൂര് ഇരിട്ടിയിലെ കോളനിയില് യുവതിക്ക് കോവിഡ്: ഉറവിടം കണ്ടെത്താന് ഊര്ജിതശ്രമം

കണ്ണൂര് ഇരിട്ടി അയ്യന്കുന്ന് പഞ്ചായത്തിലെ എടപ്പുഴയില് ഒരു ആദിവാസി യുവതിക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന് ഊര്ജിത അന്വേഷണം. സമ്പര്ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായതെന്ന് ഉറപ്പിച്ചതിനെ തുടര്ന്ന്, കരിക്കോട്ടക്കരി മേഖല കണ്ടെയ്ന്മെന്റ് സോണ് ആക്കിയിരുന്നു. എടപ്പുഴയോട് ചേര്ന്ന എടപ്പുഴ, കൂമന്തോട് , കരിക്കോട്ടക്കരി, വലിയപറമ്പുംകരി, ഈന്തുങ്കരി എന്നീ 5 വാര്ഡുകള് ചേര്ത്താണ് കണ്ടെയ്ന്മെന്റ് സോണാക്കിയത്.
മലയോര ഹൈവേയുടെ ഭാഗമായ എടൂര് - കരിക്കോട്ടക്കരി - ആനപ്പന്തിക്കവല റോഡ് അടച്ച് വെമ്പുഴച്ചാലിലെ വെമ്പുഴ പാലം, കമ്പിനിനിരത്ത് എന്നിവിടങ്ങളില് ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് കാവല് ഏര്പ്പെടുത്തി. ഈ മേഖലയിലേക്കുള്ള പ്രധാന പാതയായ മലയോര ഹൈവേ ഒഴിച്ച് ബാക്കിയുള്ള കമ്പിനിനിരത്ത്, ഈന്തുംകരി, എടുപ്പുഴ, വളയംകോട്, താഴെ വളയംകോട് എന്നീ റോഡുകള് പൂര്ണമായും അടച്ചു.
ഇരുപതോളം വീടുകളിലായി നൂറോളം താമസക്കാരുള്ള എടപ്പുഴ കോളനിയിലാണ് യുവതി താമസിക്കുന്നത്. കോളനിയില് നിന്നുള്ള ഒരാളും പ്രദേശം വിട്ട് പുറത്തു പോവുകയോ പുറമേ നിന്നുള്ളവര് വരികയോ ചെയ്തിട്ടിലെന്നാണ് കോളനി നിവാസികള് പറയുന്നത്.
പ്രസവ ചികിത്സയ്ക്കായി കഴിഞ്ഞ 12-ന് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ടതാണ് യുവതി. 2 ദിവസം മുന്പ് യുവതി സിസേറിയനിലൂടെ ജന്മം നല്കിയ കുഞ്ഞിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂര് മെഡിക്കല് കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം, ജില്ലാ മെഡിക്കല് ഓഫിസ് എന്നിവിടങ്ങളില് നിന്നുള്ള വിദഗ്ധ സംഘം കോളനിയില് എത്തി തെളിവെടുത്തു.
യുവതിയുടെ ഒപ്പം ആശുപത്രിയില് ഉണ്ടായിരുന മാതാപിതാക്കള്ക്കും ഭര്ത്താവിനും രോഗലക്ഷണങ്ങള് ഇല്ലെന്നാണ് സൂചന. ഇവരും നിരീക്ഷണത്തിലാണ്. യുവതിക്ക് എങ്ങനെ രോഗബാധ ഉണ്ടായതെന്ന് കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തും ചേര്ന്നാണ് അന്വേഷണം നടത്തുന്നത്. ഉറവിടം കണ്ടെത്താത്തിനാല് കണ്ടെയ്ന്മെന്റ് മേഖലയില് നിയന്ത്രണങ്ങള് കര്ശനമാക്കാനാണ് തീരുമാനം. കടകളും സ്ഥാപനങ്ങളും അടച്ചു.
ഗതാഗതവും ഇല്ല. കാല്നടയായി പോലും ആളുകളെ പ്രദേശത്തേക്ക് കയറ്റിവിടുകയോ പുറത്തേക്ക് വിടുകയോ ഇല്ല. അതേ സമയം കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂളില് എസ്എസ്എല്സി പരീക്ഷ നടത്തും. നിയന്ത്രണങ്ങളോടെ കുട്ടികള്ക്ക് സ്കൂളില് എത്തുന്നതിനുള്ള സാഹചര്യം ഒരുക്കും.
അയ്യന്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്, വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, സെക്രട്ടറി ബിനു വര്ഗീസ്, കരിക്കോട്ടക്കരി സിഐ പി.ആര്.സുനു, മെഡിക്കല് ഓഫിസര് ഡോ. കെ.ദിവ്യ, ഹെല്ത്ത് ഇന്സ്പെക്ടര് വേദ് പ്രകാശ് എന്നിവരുടെ നേതൃത്വത്തില് സ്ഥിതിഗതികള് അവലോകനം ചെയ്തു.
https://www.facebook.com/Malayalivartha

























