സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയില് കഴിഞ്ഞിരുന്ന വയനാട് കൽപറ്റ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയില് കഴിഞ്ഞിരുന്ന വയനാട് കൽപറ്റ സ്വദേശി ആമിന(53)യാണ് മരിച്ചത്. അർബുദ രോഗബാധിതയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഖദീജക്കുട്ടി (73) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. മുംബൈയിൽ നിന്നാണ് ഇവർ വന്നത്. പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ പെരിന്തൽമണ്ണ വരെ മറ്റുമൂന്നു പേർക്കൊപ്പം യാത്ര ചെയ്തുവന്ന ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസിൽ മേയ് 20ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചു. തുടർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നേരത്തേതന്നെ രക്തസമ്മർദത്തിനും പ്രമേഹത്തിനും ശ്വാസതടസത്തിനും ഇവർ ചികിത്സയിലായിരുന്നു. ഇവരുടെ മകനും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ നിരീക്ഷണത്തിലാണ്.
അതേസമയം സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതല് ആളുകള് എത്തുന്നതിനാല് രോഗികള് കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കൂടുതല് പോസിറ്റീവ് കേസുകള് ഉണ്ടാകുമെന്നത് പ്രതീക്ഷിച്ചതാണ്. അതനുസരിച്ച് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. ക്വാറന്റൈന് പാലിച്ചില്ലെങ്കില് സ്ഥിതി ഗുരുതരമാകുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വരുന്നവരില് നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കുകയാണ് കേരളം ലക്ഷ്യമിടുന്നത്. റിവേഴ്സ് ക്വാറന്റൈന് അടക്കം കൃത്യമായി പാലിക്കണം. മരണനിരക്ക് കൂടാതെ നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നത്. ഏറ്റവും പ്രായോഗികം ഹോം ക്വാറന്റൈന് കൃത്യമായി നടത്തുക എന്നതാണ്. കേരളം പിന്തുടരുന്നത് ശ്രമകരമായ ദൗത്യമാണെന്നും കെ.കെ.ശൈലജ പറഞ്ഞു.
കേരളം മുന്കൂട്ടി കണ്ടാണ് എല്ലാം ആസുത്രണം ചെയ്തത്. മരണനിരക്ക് കൂടില്ലെന്ന് ആത്മവിശ്വാസമുണ്ട്. ക്വാറന്റൈനില് കഴിയുന്നവര് ഒരു കാരണവശാലും നിര്ദേശങ്ങള് ലംഘിക്കരുത്. കൂടുതല് ആളുകളിലേക്ക് രോഗം പടര്ന്നാല് നിയന്ത്രിക്കാന് ബുദ്ധിമുട്ടാകും. സര്ക്കാര് കേന്ദ്രങ്ങളിലെ ക്വാറന്റൈന് ഏഴു ദിവസമാക്കിയ കേന്ദ്ര തീരുമാനം സ്വാഗതാര്ഹമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നടത്തിയ മുന്നൊരുക്കങ്ങളില് വിശ്വാസമുണ്ട്. രണ്ടാമത്തെ ഘട്ടത്തെക്കാള് രോഗികള് കൂടും. നല്ല ജാഗ്രതയിലാണ് കാര്യങ്ങള് ചെയ്യുന്നത്. നല്ല പരിഗണനയോടെയാണ് ആരോഗ്യപ്രവര്ത്തകര് എല്ലാവരെയും ചികിത്സിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
https://www.facebook.com/Malayalivartha

























