നടന്, ഗായകന്, കഥാപ്രസംഗകന് തുടങ്ങിയ മേഖലകളിലെല്ലാം തിളങ്ങിയ പാപ്പുകുട്ടി ഭാഗവതര് അന്തരിച്ചു

നാലു തലമുറകളുടെ ആദരം സ്വന്തമാക്കിയ പാപ്പുക്കുട്ടി ഭാഗവതര് (എം.സി. ജോസഫ്-107) വിടവാങ്ങി. നാടക രൂപങ്ങളിലും സിനിമയിലും പാടിയും അഭിനയിച്ചും മലയാളികളുടെ മനസ്സില് ചേക്കേറിയ പാപ്പുക്കുട്ടി ഭാഗവതര് ഉച്ചയൂണിനു ശേഷമുള്ള മയക്കത്തിനിടെയാണ് ഇന്നലെ പെരുമ്പടപ്പിലെ വസതിയില് വിയോഗം സംഭവിച്ചത്. സംസ്കാരം ഇന്നു 11-നു പെരുമ്പടപ്പ് സാന്തക്രൂസ് പള്ളിയില്.
ഭാഗവതര് ആയിരക്കണക്കിനു നാടകങ്ങളിലും ഇരുപത്തഞ്ചിലേറെ സിനിമകളിലും വേഷമിട്ടു. ഒട്ടേറെ സിനിമകളില് പിന്നണി ഗായകനായി. ഏതാനും വര്ഷം മുന്പു വരെ ക്ഷണിക്കപ്പെട്ട വേദികളില് കച്ചേരി അവതരിപ്പിക്കുകയും പാടുകയും പാട്ടു പഠിപ്പിക്കുകയും ചെയ്തു വിസ്മയമായി. 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന സിനിമയിലെ 'എന്റടുക്കല് വന്നടുക്കും പെമ്പിറന്നോരെ' എന്ന ശ്രദ്ധേയ ഗാനം പാടുമ്പോള് അദ്ദേഹത്തിനു വയസ്സ് നൂറിനടുത്ത്. നൂറാം വയസ്സില് റോഷന് ആന്ഡ്രൂസിന്റെ മുംബൈ പൊലീസ് എന്ന സിനിമയിലും വേഷമിട്ടു.
യേശുദാസിന്റെ പിതാവ് അഗസ്റ്റിന് ജോസഫിന്റെയും സെബാസ്റ്റ്യന് കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും സമകാലികനും സുഹൃത്തുമായിരുന്നു ഭാഗവതര്. അവര്ക്കൊപ്പം ഒട്ടേറെ നാടകങ്ങളില് പാടി അഭിനയിച്ചു.
ഒളിംപ്യന് ഫുട്ബോളര് തിരുവല്ല പാപ്പന്റെ സഹോദരി പരേതയായ ബേബിയാണ് ഭാര്യ. മക്കള്: സിനിമാതാരം മോഹന് ജോസ്, ചലച്ചിത്ര പിന്നണി ഗായിക സല്മ ജോര്ജ്, സാബു ജോസ്, ഷാദി, പരേതനായ ജീവന് ജോസ്. മരുമക്കള്: ചലച്ചിത്ര സംവിധായകന് കെ.ജി.ജോര്ജ്, ഫെലീഷ്യ, ഷൈനി (സിറ്റി ഹോസ്പിറ്റല്), കേശവന്കുട്ടി (ബഹ്റൈന്).
https://www.facebook.com/Malayalivartha

























