നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം

നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. സുഹൈൽ ഉൾപ്പെടെയുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഈ നീക്കമുള്ളത്. സുഹൈലിന്റെ സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
നേരത്തെ ചോദ്യം ചെയ്യലിനും മൊഴിയെടുപ്പിനുമായി സുഹൈലിനെ രണ്ട് ദിവസം മാത്രമാണ് കസ്റ്റഡിയിൽ ലഭിച്ചതെന്നും, ഇത് അന്വേഷണത്തിന് അപര്യാപ്തമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട മിനി കൂപ്പർ കാറിന്റെ ഇ.ഡി.ആർ (EDR) വിവരങ്ങൾ ഉൾപ്പെടെ ലഭിക്കുന്ന സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അന്വേഷണത്തിന് നിർണ്ണായകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
തുടർച്ചയായി നാലുദിവസം കോടതി അവധിയായതിനാൽ പ്രതികൾക്ക് ജാമ്യത്തിനായി മേൽകോടതികളെ സമീപിക്കാനും നിലവിൽ തടസ്സമേറെയാണ്.കേസിൽ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.മരിച്ചവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമായതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, മൂന്നുപേർ സഞ്ചരിച്ചതുകൊണ്ടാണോ വാഹനം ഇടിച്ചതെന്ന് പ്രതിഭാഗത്തിന്റെ വാദത്തിന് മറുപടിയായി മജിസ്ട്രേറ്റ് കോടതി തിരിച്ചുചോദിച്ചു. മരിച്ചവർ നിയമലംഘനം നടത്തിയെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചപ്പോൾ, 'അവർ മരിച്ചുപോയില്ലേ, ഇനി അവർക്കെതിരെ നടപടിയെടുക്കാൻ പറ്റുമോ?' എന്നും കോടതി വ്യക്തമായി ആരാഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് നെടുമ്പാശ്ശേരി എയർപോർട്ട് വി.ഐ.പി റോഡിൽ നാടിനെ നടുക്കിയ ദുരന്തം നടന്നത്.
https://www.facebook.com/Malayalivartha

























