ജീവിച്ചിരിക്കുന്ന പരാതിക്കാരന് മരിച്ചുപോയെന്ന മൊഴി വിശ്വസിച്ചു പരാതി തീര്പ്പാക്കിയ വിവരാവകാശ കമ്മിഷണര്ക്കെതിരേ 'പരേതന്റെ' നോട്ടിസ്!

കോഴിക്കോട് എരഞ്ഞിക്കല് സ്വദേശി കിരണ് ബാബു സംസ്ഥാന വിവരാവകാശ കമ്മിഷണര്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടിസ് നല്കി. വിവരാവകാശ നിയമപ്രകാരം നല്കിയ അപ്പീല്, താന് മരിച്ചതായി കണക്കാക്കി തീര്പ്പാക്കിയ നടപടി 3 ദിവസത്തിനകം പരസ്യമായി പിന്വലിച്ചില്ലെങ്കില് നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടിസ്.
കിരണ് ബാബു 7 വര്ഷം മുന്പു വിവരാവകാശ നിയമപ്രകാരം കേരള ഫിനാന്ഷ്യല് കോര്പറേഷന് നല്കിയ അപേക്ഷയുടെ അപ്പീലിലാണ് ജീവിച്ചിരിക്കുന്ന പരാതിക്കാരന് മരിച്ചുപോയെന്ന മൊഴി വിശ്വസിച്ചു പരാതി തീര്പ്പാക്കി വിവരാവകാശ കമ്മിഷണര് ഉത്തരവിട്ടത്.
കിരണ്ബാബുവിന്റെ പരാതി പരിഹരിച്ചിട്ടുണ്ടെന്നും ഇയാള് മരിച്ചുപോയെന്നും കെഎഫ്സിയിലെ പബ്ലിക് ഇന്ഫര്മേഷന് ഓഫിസറാണ് വിവരാവകാശ കമ്മിഷണര്ക്ക് മൊഴി നല്കിയത്.
ഈ മൊഴി അംഗീകരിച്ചാണ് പരാതി തീര്പ്പാക്കിയെന്ന് കിരണ്ബാബുവിന്റെ വിലാസത്തില് തന്നെ വിവരാവകാശ കമ്മിഷന് മറുപടി നല്കിയത്. മരിച്ചെന്ന തെറ്റായ മൊഴി കമ്മിഷനു നല്കിയ കെഎഫ്സിയിലെ പബ്ലിക് ഇന്ഫര്മേഷന് ഓഫിസര്ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നു കിരണ് ബാബു പറഞ്ഞു.
https://www.facebook.com/Malayalivartha

























